കന്നിയാത്രയില്‍തന്നെ 'വന്ദേ ഭാരത് എക്സ്പ്രസ്' പെരുവഴിയിൽ!!

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ മടക്കം പെരുവഴിയിൽ!!

Last Updated : Feb 16, 2019, 12:03 PM IST
കന്നിയാത്രയില്‍തന്നെ 'വന്ദേ ഭാരത് എക്സ്പ്രസ്' പെരുവഴിയിൽ!!

വന്ദേ ഭാരത് എക്സ്പ്രസിന്‍റെ മടക്കം പെരുവഴിയിൽ!!

ന്യൂഡല്‍ഹി: ഫ്ലാ​ഗ് ഓഫ് ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ പെരുവഴിയിലായി വന്ദേ ഭാരത് എക്സ്പ്രസ്. 

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ എറ്റവും വേ​ഗതയേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്സപ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്തത്. കന്നിയാത്രയായ ഡല്‍ഹി-വാരാണസി-ഡല്‍ഹി പൂര്‍ത്തിയാക്കുംമുന്‍പ്തന്നെ ട്രെയിന്‍ പെരുവഴിയിലായി.

വാരാണസിയിൽ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ, ഡല്‍ഹിയില്‍നിന്നും ഏകദേശം 200 കിലോമീറ്റ‌‌ർ അകലെയാണ് വന്ദേ ഭാരത് എക്സ്പ്രസ് തകരാറിലായത്. ഉത്ത‌ർ പ്രദേശിലെ തുണ്ട്ല സ്റ്റേഷനിൽ നിന്ന് പതിനഞ്ച് കിലോമീറ്റ‌‌ർ അകലെയായിരുന്നു സംഭവം. 

മടക്ക യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ട് തുടങ്ങിയെന്നും പിന്നാലെ അവസാന നാല് ബോ​ഗികളുടെ ബ്രേക്കുകൾ ജാമാകുകയായിരുന്നുമെന്നാണ് റെയിൽവേ അധികൃത‌ർ പറയുന്നത്. ഇതോടെ ട്രെയിൻ നിർത്തേണ്ടി വരികയായിരുന്നു. ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യ സ്ഥാനത്തെത്തിച്ചു. 

ഡല്‍ഹിയില്‍ നിന്ന്​ വാരണാസിയിലേക്ക്​ 9​ മണിക്കൂര്‍ 45 മിനിട്ട്​ കൊണ്ട്​ ഓടിയെത്തുന്നതാണ് ട്രെയിന്‍​. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത്​ എക്​സ്​പ്രസില്‍ 16 എ.സി കോച്ചുകളാണ്​ ഉള്ളത്​. 1,128 പേര്‍ക്കാണ്​ സഞ്ചരിക്കാന്‍ സാധിക്കുക.

ട്രെയിന്‍ 18’ എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എന്‍ജിന്‍ രഹിത ട്രെയിന്‍ ഡല്‍ഹി വാരാണസി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് "ട്രെയിന്‍ 18" പുനര്‍നാമകരണം ചെയ്ത് "വന്ദേ ഭാരത് എക്‌സ്‍പ്രസ്" എന്നാക്കിയത്. ഡല്‍ഹി-വാരാണസി എ.സി. ചെയര്‍കാര്‍ യാത്രയ്ക്ക് 1,850 രൂപയും എക്‌സിക്യുട്ടീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവിലയും ഉള്‍പ്പെടുത്തിയാണിത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടായിരുന്നു നി‌ർമ്മാണം.

എന്നാല്‍, എന്‍ഡിഎ സര്‍ക്കാരിന്‍റെ അഭിമാന പദ്ധതി രണ്ടാം ദിനം തന്നെ പെരുവഴിയിലായത് റെയിൽവേയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ഹൈ സ്പീഡ് ട്രെയിന്‍റെ സ്പീഡ് "ഹൈ" ചെയ്ത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വീഡിയോ ട്വീറ്റ് ചെയ്തതിന്‍റെ "ക്ഷീണം" മാറുന്നതിന് മുന്‍പേയാണ് കന്നിയാത്ര പൂര്‍ത്തിയാക്കാതെ ട്രെയിന്‍ പെരുവഴിയിലായത്!!

 

 

Trending News