)
ഡൽഹി: ഐആർസിടിസി അഴിമതി കേസിൽ, മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി ഉത്തരവ്. അദ്ദേഹത്തിൻ്റെ മകനായ മുൻ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ഭാര്യയും മുൻ ബീഹാർ മുഖ്യ മന്ത്രി കൂടിയായിരുന്ന റാബ്രി ദേവി എന്നിവർക്കെതിരെയും ഗൂഢാലോചന, വഞ്ചന എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
യാദവ് കുടുംബം നേരിട്ട് കോടതിയിൽ ഹാജരാവുകയും
കുറ്റം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ മാസം, ലാലു പ്രസാദ് യാദവിനോടും കേസിലെ മറ്റ് പ്രതികളും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ജഡ്ജി നിർദ്ദേശിച്ചിരുന്നു.
ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവർത്തന കരാറുകൾ ഒരു സ്വകാര്യ സ്ഥാപനത്തിന് നൽകിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് കേസ്. 2004 നും 2014 നും ഇടയിൽ ഗൂഢാലോചന നടന്നതിൻ്റെ അടിസ്ഥാനത്തിൽ,പുരിയിലും റാഞ്ചിയിലും യൂണിറ്റുകളുള്ള ഇന്ത്യൻ റെയിൽവേയുടെ ബിഎൻആർ ഹോട്ടൽ ആദ്യം ഐആർസിടിസിക്ക് കൈമാറുകയും പിന്നീട് പ്രവർത്തനം, അറ്റകുറ്റപ്പണികൾ, പരിപാലനം എന്നിവയ്ക്കായി ബീഹാറിലെ പട്ന ആസ്ഥാനമായുള്ള സുജാത ഹോട്ടൽസിന് പാട്ടത്തിന് നൽകുകയും ചെയ്തുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ടെൻഡർ പ്രക്രിയയിൽ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയതായും ഏജൻസി ആരോപിച്ചു.
ഐആർസിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറൽ മാനേജർമാരായ വികെ അസ്താന, ആർകെ ഗോയൽ, സുജാത ഹോട്ടലിൻ്റെ ഡയറക്ടർമാരും ചാണക്യ ഹോട്ടൽ ഉടമകളുമായ വിജയ് കൊച്ചാർ, വിനയ് കൊച്ചാർ എന്നിവരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാറ പ്രോജക്ട്സ് എന്നറിയപ്പെടുന്ന ഡിലൈറ്റ് മാർക്കറ്റിംഗ് കമ്പനി, സുജാത ഹോട്ടൽസ് എന്നിവയെയും
ഇപ്പോൾ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.