ഡല്‍ഹി തീപിടിത്തം: കെട്ടിടത്തിന് ഫയര്‍ ലൈസന്‍സില്ല, ഉടമ അറസ്റ്റില്‍

 

Sheeba George | Updated: Dec 8, 2019, 07:34 PM IST
ഡല്‍ഹി തീപിടിത്തം: കെട്ടിടത്തിന് ഫയര്‍ ലൈസന്‍സില്ല, ഉടമ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ടിയില്‍ വന്‍ തീപിടുത്തമുണ്ടായ കെട്ടിടത്തിന് ഫയര്‍ ലൈസന്‍സില്ല എന്ന് കണ്ടെത്തി ഡല്‍ഹി പോലീസ്.

അവശ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നിര്‍മാണശാല പ്രവര്‍ത്തിച്ചുവന്നത്. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും സുരക്ഷാ സംവിധാനങ്ങളുടെ കുറവുമാണ് ഡല്‍ഹി റാണി ഝാന്‍സി റോഡിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തം ഗുരുതരമാക്കിയതെന്ന്‍ അഗ്നിശമന സേനാ വക്താവ് പറഞ്ഞു. കൂടാതെ, ജനവാസ കേന്ദ്രത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയ അധികൃതരും ഈ വിഷയത്തില്‍ ഒരേപോലെ കുറ്റക്കാര്‍, അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായ സ്ഥാപനത്തില്‍ അപായ അലാറമോ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായ സമയത്ത് പലരും ഉറക്കത്തിലായിരുന്നതും അപകട വിവരം ലഭിക്കാന്‍ വൈകിയതും മരണസംഖ്യ ഉയര്‍ത്തി. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിയിലുണ്ടായിരുന്ന പേപ്പര്‍ പോലെയുള്ള  വസ്തുക്കള്‍ തീപിടിത്തം വ്യാപിക്കാന്‍ കാരണമായി. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ഇടുങ്ങിയ പ്രദേശത്തായതിനാല്‍ പുക തങ്ങിനിന്നത് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. പൊള്ളലേറ്റതിനേക്കാള്‍ ശ്വാസംമുട്ടിയുള്ള മരണമാണ് അധികമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം. കെട്ടിടത്തിന്‍റെ ഉടമയായ രെഹാന്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 

ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയുണ്ടായ 5:30ന് ഉണ്ടായ തീപിടുത്തത്തില്‍ ഇതുവരെ 43 മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ 55 ല്‍ അധികം പേരെ രക്ഷപെടുത്തി. പൊള്ളലേറ്റവരെ സമീപത്തുള്ള ആര്‍.എം.എല്‍ ഹോസ്പിറ്റല്‍, ഹിന്ദു റാവു ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 16 പേര്‍  ആശുപത്രിയില്‍ ചികിത്സയിലാണ്.