ഡല്‍ഹി സ്വദേശിയായ പാക്‌ ചാരന്‍ അറസ്റ്റില്‍!!

ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് ഹണി ട്രാപ് രീതിയിലൂടെയാണ് ഇയാളെ കുടുക്കിയത്.   

Last Updated : Mar 26, 2019, 10:58 AM IST
ഡല്‍ഹി സ്വദേശിയായ പാക്‌ ചാരന്‍ അറസ്റ്റില്‍!!

ജയ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഡല്‍ഹി സ്വദേശിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തു. നാല്‍പ്പത്തി രണ്ടുകാരനായ മുഹമ്മദ് പര്‍വേസിനെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഫേക്ക് ഐഡന്റിറ്റി ഉപയോഗിച്ച് ഹണി ട്രാപ് രീതിയിലൂടെയാണ് ഇയാളെ കുടുക്കിയത്. ഐസ്‌ഐയുടെ ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 18 വര്‍ഷത്തിനിടെ പതിനേഴ് തവണ പാകിസ്താനില്‍ പോയിട്ടുണ്ടെന്നും മുഹമ്മദ് പര്‍വേസ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

മാത്രമല്ല ഐഎസ്‌ഐക്ക് വേണ്ടി ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുടുക്കി ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചതായും, ഇതിന് ഇയാള്‍ ഐഎസ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റിയതായും പൊലീസ് വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം 2017 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നലെ ഇയാളെ ജയ്പൂരിലെത്തിച്ചിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസ് മുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറഞ്ഞു. 

ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും ഉമേഷ് മിശ്ര കൂട്ടിച്ചേര്‍ത്തു. സാമൂഹികമാദ്ധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയതിന് ശേഷമായിരുന്നു മുഹമ്മദ് സൈനികരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. വിവരങ്ങള്‍ കൈമാറുന്നതിന് ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്ന് എല്ലാവിധ പിന്തുണയും, സാമ്പത്തിക സഹായവും ഉണ്ടായിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

മാത്രമല്ല വ്യാജ വിസയുടെ പേരില്‍ ആളുകളില്‍ നിന്നും കൈപ്പറ്റുന്ന തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നിരവധി സിം കാര്‍ഡുകള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. അതുവഴിയാണ് പാകിസ്ഥാനിലേക്ക് ഇയാള്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.

Trending News