തീസ് ഹസാരി: അഭിഭാഷകരെ അറസ്റ്റ് ചെയ്യണം, പ്രതിഷേധവുമായി പോലീസ്!!

നൂറോളം പോലീസുകാരില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായി. 

Last Updated : Nov 5, 2019, 12:12 PM IST
തീസ് ഹസാരി: അഭിഭാഷകരെ അറസ്റ്റ് ചെയ്യണം, പ്രതിഷേധവുമായി പോലീസ്!!

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹസാരി കോടതി പരിസരത്തെ പോലീസ്-അഭിഭാഷക സംഘര്‍ഷത്തില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. 

അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പണിമുടക്കുകയാണ്. 

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് പോലീസുകാര്‍ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. 

ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പോലീസുകാര്‍ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. 

നൂറോളം പോലീസുകാരില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായി. 

അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്ന് പിന്മാറില്ലെന്നാണ് പോലീസുകാരുടെ നിലപാട്. 

യൂണിഫോമിനൊപ്പം കറുത്ത റിബ്ബണ്‍ ധരിച്ചാണ് ഇവരുടെ പ്രതിഷേധം.

ശനിയാഴ്ച വൈകിട്ടാണ് തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. 

ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.

തുടര്‍ന്ന്, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഡ് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

എഎസ്ഐ പവന്‍, എഎസ്ഐ കാന്ത എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഉത്തരവ്. 

കൂടാതെ, അഡീഷണൽ ഡിസിപി ഹരീന്ദർ സിംഗ്, സ്‌പെഷ്യൽ സിപി സഞ്ജയ് സിംഗ് എന്നിവര്‍ക്ക് സ്ഥലം മാറ്റം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. 

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എസ്.പി ഗാര്‍ഗിനെ കമ്മീഷന്‍ അദ്ധ്യക്ഷനായും നിയമിച്ചു. 

ആറാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുക്കാനും ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

Trending News