ഡല്‍ഹി സംഘര്‍ഷം: മരണം 18, അധാര്‍മ്മികത അനുവദിക്കില്ലെന്ന് അജിത്‌ ഡോവല്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Last Updated : Feb 26, 2020, 10:59 AM IST
ഡല്‍ഹി സംഘര്‍ഷം: മരണം 18, അധാര്‍മ്മികത അനുവദിക്കില്ലെന്ന് അജിത്‌ ഡോവല്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമാധാനത്തിനായുള്ള ഭരണകൂടത്തിന്‍റെ അഭ്യർത്ഥനകള്‍ അവഗണിച്ചാണ് ആക്രമികള്‍ തെരുവില്‍ അഴിഞ്ഞാട്ടം തുടരുന്നത്. വടക്കുകിഴക്കൻ ഡല്‍ഹി ഇപ്പോഴും അശാന്തമാണ്‌.  ജാഫ്രാബാദ്, മൗജ്പൂർ, ചന്ദ്ബാഗ്, ഭജൻപുര പ്രദേശങ്ങളില്‍ ആക്രമികള്‍ പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

വടക്കു കിഴക്കൻ ഡല്‍ഹിയില്‍നിന്നും ഗാസിയാബാദിലേക്ക് പോകുന്ന എല്ലാ റോഡുകളും ഡൽഹി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് അടച്ചു. അക്രമബാധിത വടക്കു കിഴക്കൻ ഡല്‍ഹിയിലെ എല്ലാ സ്കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ഡല്‍ഹി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ ഡല്‍ഹിയിലെ പ്രശ്ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ സമുദായ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളെക്കുറിച്ച് വിവരണം നല്‍കുമെന്നാണ് സൂചന.

അധാര്‍മ്മികത അനുവദിക്കില്ല എന്ന് NSA അജിത്‌ ഡോവല്‍ പറഞ്ഞു. കൂടാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മതിയായ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കൂടാതെ, സാഹചര്യങ്ങള്‍  നിയന്ത്രണവിധേയമാക്കാൻ പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

അജിത് ഡോവൽ നടത്തിയ സന്ദര്‍ശനം കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 24 മണിക്കൂറിനിടെ മൂന്ന് തവണ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ ഇതുവരെ അറസ്റ്റിലായതായി ഡല്‍ഹി പോലീസ് അറിയിച്ചു.

സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ്‌ തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Trending News