നോട്ട് നിരോധനം: അമിത് ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തിയതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു

Updated: Jun 23, 2018, 11:59 AM IST
നോട്ട് നിരോധനം: അമിത് ഷായ്‌ക്കെതിരെ കേസെടുക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായുള്ള അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.58 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന്‍റെ മറവില്‍ കോടികളുടെ ക്രമക്കേട് നടത്തിയ അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

നോട്ട് നിരോധനം ബിജെപിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. കള്ളപ്പണക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് മോദി ആസൂത്രണം ചെയ്ത ഒരു നാടകം മാത്രമാണ് നോട്ട് നിരോധനം. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം ഏതാനും ചില വ്യക്തികളെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നും ഇതുവഴി കോടികള്‍ വെളുപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകള്‍ എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രകാരമാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ 745.58 കോടി രൂപയുടെ അസാധു നോട്ടുകളാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെത്തിയത്. ബിജെപി നേതാക്കള്‍ ഭാരവാഹികളായ രാജ്‌കോട്ട്, സൂറത്ത്, സബര്‍കാന്ത് എന്നിവിടങ്ങളിലുള്‍പ്പടെ 11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തിയതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

'ഒന്നാമതെത്തിയതിന് അഭിനന്ദനങ്ങള്‍'; പരിഹസിച്ച് രാഹുല്‍

നോട്ട് അസാധുവാക്കലിലൂടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള മത്സരത്തില്‍ ഒന്നാമതെത്തിയ അമിത് ഷായ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബിജെപി അദ്ധ്യക്ഷനെ പരിഹസിച്ചത്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് അഞ്ചു ദിവസത്തിനുള്ളില്‍ 750 കോടി രൂപ അസാധു നോട്ടുകള്‍ മാറ്റിയപ്പോള്‍ ഇവിടെ സാധാരണക്കാരുടെ ജീവിതം തകര്‍ന്നു. താങ്കളുടെ ഈ 'നേട്ട'ത്തിനു സല്യൂട്ട്' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.