ലോക്‌സഭയില്‍ ആദായനികുതി ഭേദഗതി ബില്‍ പാസാക്കി

ആദായനികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. 

Last Updated : Nov 29, 2016, 06:14 PM IST
ലോക്‌സഭയില്‍ ആദായനികുതി ഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ആദായനികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. 

നോട്ട് അസാധുവാക്കിയതിന് ശേഷവും ചിലര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു.

ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. അവതരിപ്പിച്ച് പതിനാല് ദിവസത്തിനുള്ളില്‍ രാജ്യസഭ അംഗീകാരം നല്‍കിയാലേ ബില്‍ നിയമമാകൂ. എന്നാല്‍ ധനബില്‍ ആയതിനാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കേണ്ടതില്ല. നിയമം പ്രാബല്യത്തില്‍ വരും.

മൂന്ന് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്. നോട്ട് അസാധുവാക്കിയതിന് ശേഷം നടത്തിയ നിക്ഷേപങ്ങള്‍ക്ക് സ്രോതസ് കാണിക്കുകയാണെങ്കില്‍ നിലവിലുള്ള നികുതിയായ 30 ശതമാനവും അതിന്‍റെ 33 ശതമാനം സര്‍ച്ചാര്‍ജിനും പുറമേ ബാക്കി തുകയ്ക്ക് 30 ശതമാനം പിഴയും ഈടാക്കും.  

ഇപ്പോഴത്തെ നിക്ഷേപങ്ങളില്‍ കണക്കില്‍പ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കില്‍ 85 ശതമാനം പിഴയും നികുതിയും ഈടാക്കാനാണ് രണ്ടാമത്തെ നിര്‍ദ്ദേശം. 

കണക്കില്‍പ്പെടാത്ത പണം പലിശ രഹിത വായ്പയായി നാല് വര്‍ഷത്തേക്ക് നിക്ഷേപിക്കാനുള്ള അവസരമാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഗരീബ് കല്യാണ്‍ യോജന എന്ന ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ നിലവിലുള്ള നികുതിക്ക് പുറമേ 10 ശതമാനം പിഴ ഒടുക്കിയാല്‍ മതിയാകും.

രണ്ടര ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങള്‍ക്കും വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ബില്ലിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വന്‍ തുക എത്തിയതിനാലാണ് ഈ തീരുമാനം.

Trending News