പഞ്ചകുള: മാനഭംഗക്കേസിൽ ആള്‍ദൈവം ഗുർമീത് റാം റഹിമിനെ സിബിഐ പ്രത്യേക കോടതി കുറ്റം ചുമത്തിയതിനെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത 53 ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പഞ്ചകുള കോടതി.
ഈ കേസില്‍ കുറ്റം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളടക്കം സിസിടിവി ദൃശ്യങ്ങള്‍ പോലും, സമര്‍പ്പിക്കുന്നതില്‍ പൊലീസുദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. തെളിവിന്റെ അഭാവത്തിലാണ് കോടതി ഇപ്രകാരം വിധിച്ചത്.
ദേര സച്ചാ സൗദയുടെ മുഖ്യനേതാവായ ചംകൗര്‍ സിംഗ്, മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സുരീന്ദര്‍ ധിമാന് ഇന്സാന് എന്നിവരടക്കം കേസില്‍ പ്രതികളാണ്. കോടതി നടപടിയോടെ ഇന്ത്യന്‍ പീനല്‍ കോഡ് 307, 121, 121 എ വകുപ്പുകളില്‍പെടുന്ന കുറ്റങ്ങള്‍ ഒഴിവാക്കും.
2017 ഓഗസ്റ്റ് 25ന് ദേര തലവന്‍ ഗുര്‍മീത് റാം റഹിമിന് മാനഭംഗക്കേസിൽ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാനയില്‍ 36 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കൂടാതെ കലാപത്തില്‍ ഹരിയാനയ്ക്ക് 126 കോടി രൂപയുടെ നഷ്ടമുണ്ടായി.
കേസില്‍ പിടിയിലായ 53 പേരുടെ വിചാരണ നടക്കുന്നത് പഞ്ചകുള ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്.
#Haryana Panchkula Court has dropped 'attempt to murder' and' sedition' charges against 53 accused in Dera Sacha Sauda violence case.
— ANI (@ANI) February 19, 2018