സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാതെ എയർബസ് വിമാനങ്ങൾ സർവീസ് നടത്തിയ എയർ ഇന്ത്യക്ക് ഡിജിസിഎയുടെ മുന്നറിയിപ്പ്. എമർജൻസി സിസ്റ്റങ്ങളുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാതെ സർവീസ് നടത്തിയതിനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് സുരക്ഷാ പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നാലെ വലിയ വിമർശനമാണ് എയർ ഇന്ത്യക്ക് നേരെ ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഡിജിസിഎ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ മൂന്ന് എയർബസ് വിമാനങ്ങളിൽ പരിശോധന നടത്തിയിരുന്നു. വിമാനങ്ങളുടെ എസ്കേപ്പ് സ്ലൈഡുകളിലെ നിർണായക എമർജൻസി ഉപകരണങ്ങളുടെ പരിശോധനകൾ വൈകിയിട്ടും സർവീസ് നടത്തിയതായി ഡിജിസിഎ കണ്ടെത്തി. എയർബസ് A320 ജെറ്റ് വിമാനം ഒരു മാസത്തിലേറെയായി പരിശോധനകൾ നടത്താതെ ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയതായും, എയർബസ് A319-ൽ മൂന്ന് മാസത്തിലേറെയായി പരിശോധനകൾ വൈകിയതായും, മൂന്നാമത്തെ എയർബസ് വിമാന പരിശോധന രണ്ട് ദിവസം വൈകിയതായും കണ്ടെത്തി.
Also Read: Air India: യാത്രക്കിടെ വിമാനത്തിൽ പക്ഷിയിടിച്ചു; എയർ ഇന്ത്യ റിട്ടേൺ സർവീസ് റദ്ദാക്കി
എക്സ്പയർ ആയതോ പരിശോധിക്കാത്തതോ ആയ എമർജൻസി ഉപകരണങ്ങളോടെയാണ് ഈ വിമാനങ്ങൾ പ്രവർത്തിച്ചിരിക്കുന്നതെന്നാണ് വിവരം. ഇത് സുരക്ഷാ പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിഷയത്തിൽ എയർ ഇന്ത്യ കൃത്യസമയത്ത് മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ DGCA ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൽപെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ പരിശോധനകളെല്ലാം കൃത്യമായി നടത്തിയിരുന്നതായും 2023 സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നതായും എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംപ്ബെൽ വിൽസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത പരിശോധന ഈ വർഷം ഡിസംബറിൽ ഷെഡ്യൂൾ ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (AAIB) മൾട്ടി-ഡിസിപ്ലിനറി ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സാങ്കേതിക കാരണങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി എയർ ഇന്ത്യ ഇന്ന് നിരവധി അന്താരാഷ്ട്ര, ആഭ്യന്തര ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ദുബായ്, ചെന്നൈ, ഡൽഹി, മെൽബൺ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.