റാഫേല്‍ കരാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കും: ജയ്‌റ്റ്ലി

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപാടിനെ സംബന്ധിച്ച് ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സഭയില്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി വിശദീകരണവുമായി രംഗത്തെത്തി.

Last Updated : Feb 8, 2018, 07:04 PM IST
റാഫേല്‍ കരാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കും: ജയ്‌റ്റ്ലി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപാടിനെ സംബന്ധിച്ച് ലോക്സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സഭയില്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി വിശദീകരണവുമായി രംഗത്തെത്തി.

റാഫേല്‍ കരാറിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ജയ്‌റ്റ്ലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുന്‍പുണ്ടായിരുന്ന യുപിഎ സര്‍ക്കാരിന്‍റെ നയങ്ങള്‍ തന്നെയാണ് തങ്ങളും പിന്തുടരുന്നതെന്നും ജയ്‌റ്റ്ലി കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയുധ ഇടപാടുകള്‍ രഹസ്യമായിരിക്കുമെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി പ്രതിരോധമന്ത്രി ആയിരുന്നപ്പോള്‍ തീരുമാനം എടുത്തതാണ്. രാഹുല്‍ ഗാന്ധി പ്രണബ് മുഖര്‍ജിയെ കണ്ടു പഠിക്കണമെന്നും ജയ്‌റ്റ്ലി സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചും മോശമായി ആരോപിക്കാന്‍ മറ്റ് കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷം കെട്ടിച്ചമച്ചതാണ് റാഫേല്‍ വിവാദമെന്നും ജയ്‌റ്റ്ലി തുറന്നടിച്ചു.

എന്നാല്‍ ജയ്‌റ്റ്ലി നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Trending News