close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ?

ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് നരേന്ദ്രമോദിയും അമിത് ഷായും വിശ്വസിക്കുന്നുണ്ടോ? ചോദ്യം മറ്റാരുടേയുമല്ല, കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേത് തന്നെ!!

Updated: Aug 18, 2019, 02:20 PM IST
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണോ?

ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് നരേന്ദ്രമോദിയും അമിത് ഷായും വിശ്വസിക്കുന്നുണ്ടോ? ചോദ്യം മറ്റാരുടേയുമല്ല, കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേത് തന്നെ!!

ജമ്മു-കശ്മീരില്‍ വീട്ടുതടവിലാക്കിയ പ്രാദേശിക നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ ചോദ്യംചെയ്താണ് പ്രിയങ്കയുടെ ട്വീറ്റ്.

ജമ്മു-കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുള്ളയടക്കം മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.  

മുന്‍മുഖ്യമന്ത്രിമാരടക്കം നേതാക്കളെ വീട്ടുതടവിലാക്കിയിട്ട് 15 ദിവസമായി. സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ പോലും അവരെ അനുവദിക്കുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടോ? പ്രിയങ്ക ട്വീറ്റില്‍ ചോദിക്കുന്നു.

വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മയെയും, സംസ്ഥാന അദ്ധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെയും പ്രിയങ്ക ട്വീറ്റില്‍ വിമര്‍ശിച്ചു. 

എന്ത് അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റമാണോയെന്നും പ്രിയങ്ക ചോദിച്ചു. 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുന്‍പാണ്‌ ഇരുനേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇരുവരോടും സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് നേതാക്കളെ കൂട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍,​ പിന്നീട് ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കിയെന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി.

അറസ്റ്റിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.