ഒരാളുടേയും ജീവന്‍ വെച്ച്‌ കളിക്കരുത്... എസ്പ.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന!!

ഗാന്ധി കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ശിവസേന. 

Sheeba George | Updated: Nov 30, 2019, 06:46 PM IST
ഒരാളുടേയും ജീവന്‍ വെച്ച്‌ കളിക്കരുത്... എസ്പ.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ശിവസേന!!

മുംബൈ: ഗാന്ധി കുടുംബത്തിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ശിവസേന. 

ഒരാളുടെ ജീവിതം വെച്ച്‌ രാഷ്ട്രീയം കളിക്കരുതെന്ന് ശിവസേന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡല്‍ഹിയായാലും മഹാരാഷ്ട്രയാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവരുടെ പരിതസ്ഥിതിയില്‍ സുരക്ഷിതത്വം തോന്നണം. തങ്ങളുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായി. അതിനാല്‍ സുരക്ഷ വെല്ലുവിളികള്‍ ഇപ്പോഴുമുണ്ട്. സര്‍ക്കാറിന് കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടാകാം. നെഹ്റുവിനോടുള്ള വെറുപ്പ് അഞ്ചുവര്‍ഷത്തിനിടെ പരസ്യമായി പലതവണ പുറത്തുവന്നതാണ്. എന്നാല്‍ ഒരിക്കലും ഒരു വ്യക്തിയുടെ ജീവിതവുമായി കളിക്കരുത്. ഇപ്പോഴത്തെ അവഗണന ഗാന്ധി കുടുംബത്തിന് നേരെ അല്ലായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നും ശിവസേന വ്യക്തമാക്കി. 

ഗാന്ധി കുടുംബത്തിനുള്ള സുരക്ഷാഭീഷണി കുറഞ്ഞുവെന്നാണ്​ അഭ്യന്തര മന്ത്രാലയം പറയുന്നത്​. ഇത്തരമൊരു നിഗമനത്തിലേക്ക്​ എത്തിയത്​ ആരാണെന്ന ചോദ്യമാണ്​ ഉയരുന്നത്​. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷയും ബുള്ളറ്റ്പ്രൂഫ് കാറുകളും ഉപേക്ഷിക്കാന്‍ തയ്യാറല്ല, അതുകൊണ്ടുതന്നെ ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷയില്‍ ആശങ്ക ഉയരുന്നതും സ്വാഭാവികമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഇതേ തോന്നലാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ആഭ്യന്തര മന്ത്രാലയത്തിന് തോന്നിയത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന് തോന്നി. ജനങ്ങള്‍ ഉണരുന്നതിനുമുന്‍പ് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ അടുത്ത കുറച്ച്‌ ദിവസത്തിനുള്ളില്‍ ഫഡ്നവിസ് രാജി നല്‍കി. അതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിഗമനങ്ങള്‍ വിശ്വസനീയമല്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നല്‍കിയിരുന്ന എസ്.പി.ജി സുരക്ഷക്ക് പകരം 'സെഡ് പ്ലസ്' സി.ആര്‍.പി.എഫ് സുരക്ഷ നല്‍കിയിരുന്നു.

1985ല്‍ ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെട്ട ശേഷമാണ് പ്രധാനമന്ത്രി, രാഷ്ട്രപതി, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് എസ്.പി.ജി സുരക്ഷ കൊണ്ടുവരുന്നത്. രാജീവ് ഗാന്ധിയുടെ മരണത്തോടെ മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബത്തിനും 10 വര്‍ഷത്തേക്ക് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

ഗാന്ധി കുടുംബത്തിനുള്ള എസ്​.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എസ്​.പി.ജി സുരക്ഷ ഒഴിവാക്കി സെഡ്​ പ്ലസ്​ കാറ്റഗറിയിലുള്ള സി.ആര്‍.പി.എഫ്​ സുരക്ഷയാണ്​ നല്‍കാന്‍ തീരുമാനിച്ചത്​.