)
ന്യൂഡൽഹി: മുൻ രാജ്യസഭാ എംപിയും എസ്സെൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സുഭാഷ് ചന്ദ്ര ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഹരിയാനയിലെ ഒരു സാധാരണ കുടുംബത്തിൽ പിറന്ന അദ്ദേഹം അസാധാരണമായ വെല്ലുവിളികളെ ധീരമായി അതിജീവിച്ച് എങ്ങനെ മാധ്യമ രംഗത്തെ അതികായൻ എന്ന പദവിയിലേക്ക് ഉയർന്നുവെന്ന അദ്ദേഹത്തിന്റെ പോരാട്ടത്തിൻ്റെ കഥ കോടിക്കണക്കിന് യുവജനങ്ങൾക്കും സംരംഭകർക്കും ഒരുപോലെ പ്രചോദനമാണ്.
ഹരിയാനയിലെ സാധാരണ കുടുംബത്തിൽ നിന്ന് ഇന്ത്യയുടെ ദീർഘവീക്ഷണമുള്ള നേതാവായി മാറിയ ഡോ. സുഭാഷ് ചന്ദ്രയുടെ കഥ
ഇന്ത്യൻ മണ്ണിൽ പിറന്ന അനവധി മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് ഡോ. സുഭാഷ് ചന്ദ്ര. അദ്ദേഹത്തിൻ്റെ ജീവിതം കോടിക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ചും യുവതലമുറക്ക്, പ്രചോദനം നൽകുന്നു. ഭാവിയിലെ വെല്ലുവിളികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, സമയബന്ധിതമായി അവയെ നേരിടാൻ കഴിവുള്ള ഒരു ദീർഘദർശിയും കാഴ്ചപ്പാടുള്ള നേതാവുമാണ് അദ്ദേഹം.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലിൻ്റെ സ്ഥാപകനാണ് ഡോ. സുഭാഷ് ചന്ദ്ര. ഇന്ത്യൻ ടിവി പ്രേക്ഷകർക്ക് സീരിയലുകൾ, വിനോദം, സംഗീത ചാനലുകൾ, മൂവി ചാനലുകൾ, വാർത്താ ചാനലുകൾ എന്നിവയുടെ ഒരു പുതിയ യുഗം അദ്ദേഹം സമ്മാനിച്ചു. കഴിഞ്ഞ 25 വർഷമായി സീ ടിവി, സീ സിനിമ, സീ ന്യൂസ് പോലുള്ള ബ്രാൻഡുകൾ ഇന്ത്യയിലെ വീടുകളിൽ ഒരു സുപരിചിത നാമമായി മാറിയത് അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമാണ്. ഒരു സെൽഫ് മെയ്ഡ് സംരംഭകനാണ് അദ്ദേഹം. ടെലിവിഷൻ വ്യവസായത്തിലെ 'ട്രെൻഡ്സെറ്റർ' ആയിട്ടാണ് ഡോ. സുഭാഷ് ചന്ദ്ര അറിയപ്പെടുന്നത്. രാജ്യസഭാ എം.പി എന്ന നിലയിലും അദ്ദേഹം രാജ്യത്തിന് വിലപ്പെട്ട സേവനം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ഉപഗ്രഹ ടെലിവിഷൻ രംഗം 33 വർഷം പൂർത്തിയാക്കിയിരിക്കുന്നു. രാജ്യത്ത് ആദ്യമായി ഉപഗ്രഹ ടിവി ആരംഭിച്ചത് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (സീ) ആണ്. 1982 നവംബറിൽ സ്ഥാപിക്കപ്പെട്ട ഈ കമ്പനി, 1992-ൽ തങ്ങളുടെ പ്രധാന ടെലിവിഷൻ ചാനലായ സീ ടിവിക്ക് തുടക്കമിട്ടു. ഇത് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഉപഗ്രഹ ചാനലായിരുന്നു. ഇത് രാജ്യത്ത് ഉപഗ്രഹ ടിവി വ്യവസായത്തിന് അടിത്തറ പാകി.
സീ എൻ്റർടൈൻമെൻ്റിൻ്റെ വളർച്ച ശ്രദ്ധേയമാണ്:
1994: സീ സംഗീത ലോകത്തേക്ക് കടന്നു.
1995: സീ ടിവി യൂറോപ്പിലും യുകെയിലും ആരംഭിച്ചു, സീ ന്യൂസ്, സീ സിനിമ എന്നിവയും നിലവിൽ വന്നു.
1996: സിറ്റി ചാനൽ എന്ന പേരിൽ ആദ്യത്തെ കേബിൾ ചാനൽ തുടങ്ങി.
1997: സീ മ്യൂസിക് ലോഞ്ച് ചെയ്തു.
1998: സീ ടിവി അമേരിക്കയിൽ ആരംഭിച്ചു.
ഡോ. സുഭാഷ് ചന്ദ്രയുടെ കാഴ്ചപ്പാടിൻ്റെ ഫലമായി ഈ സംരംഭങ്ങളെല്ലാം ഇന്ന് രാജ്യത്തെ ഏറ്റവും വിശ്വസനീയവും മുൻനിരയിലുള്ളതുമായ വാർത്താ ചാനലുകളായി തുടരുന്നു.
വെല്ലുവിളികളെ അതിജീവിച്ച് വിജയിച്ച നായകൻ
തൻ്റെ ജീവിതകഥയായ 'ദി ഇസഡ് ഫാക്ടർ: മൈ ജേർണി ആസ് ദി റോംഗ് മാൻ അറ്റ് ദി റൈറ്റ് ടൈം' എന്ന പുസ്തകത്തിൽ ഡോ. സുഭാഷ് ചന്ദ്ര താൻ നേരിട്ട പ്രയാസകരമായ ഘട്ടങ്ങളെക്കുറിച്ച് തുറന്നെഴുതുന്നുണ്ട്. താൻ എത്തിച്ചേർന്ന ഈ സ്ഥാനത്തേക്ക് എത്തുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. നിരവധി വർഷത്തെ വിജയങ്ങൾക്ക് ശേഷം ഏകദേശം 54-55 വയസ്സുള്ളപ്പോൾ അദ്ദേഹത്തിൻ്റെ ബിസിനസ് തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു: ഊഹക്കച്ചവട വിപണിയിലെ ഇടിവും, പരുത്തിയുടെ വിലയിലുണ്ടായ അസ്ഥിരതയും.
അദ്ദേഹം എഴുതുന്നു: "പരുത്തിയുടെ കാര്യത്തിൽ മുത്തച്ഛൻ നടത്തിയ ചില ഇടപാടുകൾ പ്രതീക്ഷിച്ചതിന് വിപരീതമായി സംഭവിച്ചു, അദ്ദേഹത്തിന് 50 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. രണ്ടാമത്തെ വലിയ കാരണം കുടുംബം ഓയിൽ മില്ലിൽ നടത്തിയ നിക്ഷേപമായിരുന്നു. ഓയിൽ മില്ലിൽ 35 ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും അത് ഞങ്ങളെ തകർച്ചയിലേക്ക് നയിച്ചു. ഓയിൽ മിൽ പ്രവർത്തിപ്പിക്കാൻ ഉയർന്ന പ്രവർത്തന മൂലധനം ആവശ്യമായിരുന്നു, അത് ഞങ്ങൾക്ക് കണ്ടെത്താനായില്ല. ഞങ്ങൾ 20 ലക്ഷം രൂപ വായ്പയെടുത്തു, എന്നാൽ കുടുംബം ആ പണമെല്ലാം ഇതിൽ നിക്ഷേപിച്ചു."
ഇത്തരം നിരവധി വെല്ലുവിളികൾക്കും വിഷമകരമായ സാഹചര്യങ്ങൾക്കുമിടയിലും, അദ്ദേഹം തൻ്റെ ബിസിനസ്സ് മികച്ചതായി കൈകാര്യം ചെയ്യുകയും ഒരു നായകനെപ്പോലെ വിജയിക്കുകയും ചെയ്തു. ഹരിയാനയിലെ ഹിസാർ ജില്ലയിൽ ജനിച്ച ഒരു സാധാരണ ബാലൻ തൻ്റെ അസാധാരണമായ നേതൃത്വപാടവം കൊണ്ടും ദീർഘവീക്ഷണം കൊണ്ടും ഒരു മീഡിയ മൊഗൾ ആയി ലോകമെമ്പാടും രാജ്യത്തിന് അഭിമാനമായി മാറി.
രാജ്യത്തിന്റെ വികസനത്തിന് വെളിച്ചമായി സ്വയം മെനഞ്ഞെടുത്ത വ്യക്തിത്വമാണ് ഡോ. സുഭാഷ് ചന്ദ്രയുടേത്. പ്രതിസന്ധികളെ ധീരമായി നേരിടുകയും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സ്വന്തം വ്യക്തിത്വത്തെ അസാധാരണമാക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. സുഭാഷ് ചന്ദ്ര. ഇന്ത്യക്ക് എങ്ങനെ പുരോഗതി കൈവരിക്കാൻ സാധിക്കും, ഏതൊരു രാഷ്ട്രത്തിന്റെയും സ്ഥാപനത്തിന്റെയും വികസനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ലക്ഷക്കണക്കിന് ആളുകൾക്ക് മാർഗദീപമായിട്ടുണ്ട്. 'സച് കഹൂം' (സത്യം പറയുകയാണെങ്കിൽ) എന്ന തന്റെ സംവാദ പരിപാടിയിലൂടെ അദ്ദേഹം വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
രാജ്യസഭാ എം.പി ആയിരുന്നപ്പോഴും ഡോ. സുഭാഷ് ചന്ദ്ര രാജ്യസേവനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഹരിയാനയിലെ ആദംപൂർ മേഖലയിലെ അഞ്ച് ഗ്രാമങ്ങളെ ദത്തെടുത്ത് ആ ഗ്രാമങ്ങളിൽ വികസനം എത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ലോകം മുഴുവൻ സ്തംഭിച്ചുപോയ കൊറോണ കാലത്ത്, ഡോ. സുഭാഷ് ചന്ദ്രയുടെ മാർഗ്ഗനിർദ്ദേശത്തിൽ എസ്സെൽ ഗ്രൂപ്പ് നിരവധി സംസ്ഥാന സർക്കാരുകൾക്ക് ആംബുലൻസുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും സംഭാവന ചെയ്തുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സ്ഥാപിച്ച സുഭാഷ് ചന്ദ്ര ഫൗണ്ടേഷൻ ദുരിതബാധിതരായ ആളുകൾക്ക് സഹായമേകി.
ഡോ. സുഭാഷ് ചന്ദ്ര തന്റെ ജന്മദിനം പൊതുജനങ്ങളോടൊപ്പമാണ് സാധാരണയായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും യുവാക്കളുമായി സംവദിക്കുകയും അവരുടെ കരിയറുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. "മുന്നോട്ട് പോകണമെങ്കിൽ നമ്മൾ വർത്തമാനത്തിൽ ജീവിക്കണം, കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഏത് ലക്ഷ്യവും കൈവരിക്കാൻ സാധിക്കും- പൊതുവേദികളിൽ അദ്ദേഹം പലതവണയായി പറഞ്ഞിട്ടുണ്ട്".
ഇന്ന് ജന്മദിനം: ആഘോഷത്തിൽ പങ്കുചേർന്ന് നിരവധി പേർ
1950 നവംബർ 30ന് ഡോ. സുഭാഷ് ചന്ദ്ര ജനിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം കുടുംബ ബിസിനസ്സിൽ ചേർന്നു. പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹവും റിസ്ക് എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും കുടുംബ ബിസിനസ്സിന് പുതിയ ഉയരങ്ങൾ കീഴടക്കി. സുഭാഷ് ചന്ദ്ര ഫൗണ്ടേഷൻ, യുവ സംഘടനകൾ തുടങ്ങി നിരവധി പേർ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.