അയോധ്യ കേസ്: നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ അവസാന ദിവസം!!

കഴിഞ്ഞ 40 ദിവസമായി നടന്നുവരികയിരുന്ന അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായി.

Sheeba George | Updated: Oct 16, 2019, 05:40 PM IST
അയോധ്യ കേസ്: നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ അവസാന ദിവസം!!

ന്യൂഡല്‍ഹി: കഴിഞ്ഞ 40 ദിവസമായി നടന്നുവരികയിരുന്ന അയോധ്യ ഭൂമി തര്‍ക്ക കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയായി.

എന്നാല്‍, അവസാനദിവസം സുപ്രീംകോടതി നാടകീയ നിമിഷങ്ങല്‍ക്കാണ് സാക്ഷിയായത്. അതില്‍ ഏറ്റവും പ്രധാനമായത് മുസ്ലീം വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച്‌ കോടതിയിലെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ രാമ ജന്മസ്ഥലം ചിത്രീകരിച്ച മാപ്പ് വലിച്ചുകീറിയതാണ്. ഈ സംഭവം ജഡ്ജിമാരെ പ്രകോപിപ്പിച്ചു എന്നു മാത്രമല്ല, ചീഫ് ജസ്റ്റിസ് അഭിഭാഷകന് താക്കീത് നല്‍കുകയും ചെയ്തു. 

മറ്റൊരു നിര്‍ണ്ണായക സംഭവം എന്ന് പറയുന്നത്, വാദം കേള്‍ക്കലിന്‍റെ അവസാന ദിവസം കേസില്‍ നിന്ന് പിന്‍മാറുന്നതായി സൂചിപ്പിച്ച് സുന്നി വഖഫ്ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി മ​ധ്യ​സ്ഥ സ​മി​തി അംഗം ശ്രീറാം പഞ്ചുവിന്‍റെ മുന്‍പാകെ സത്യവാങ്മൂലം കൈമാറിയതാണ്. 

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്ന് പിന്മാറുകയാണെന്നും ബാബറി ഭൂമിക്ക് മേല്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്നും സ്ഥാപിക്കാനാണ് യുപി സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശ്രമിച്ചത്. എന്നാല്‍, സുപ്രിംകോടതി അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തളളിക്കളഞ്ഞു. ബാബറി ഭൂമിതര്‍ക്ക കേസില്‍ ഇത്രയും മതിയെന്നും ഇനിയൊരു ഹര്‍ജി അനുവദിക്കില്ലെന്നും ഇന്ന് അഞ്ച് മണിയോടെ അന്തിമവാദം തീര്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മുന്‍പ് നിശ്ചയിച്ച പ്രകാരം ഒക്ടോബര്‍ 18 വരെയായിരുന്നു വാദം കേള്‍ക്കല്‍ നടക്കേണ്ടിയിരുന്നത്. പിന്നീട് ഒക്ടോബര്‍ 17നകം വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ നിശ്ചയിച്ചത്തിനും ഒരു ദിവസം മുന്‍പേ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാവുകയാണ്. കേസില്‍ 41 ദിവസമാണ് ആകെ വാദം കേള്‍ക്കലിനായി നിശ്ചയിച്ചിരുന്നത്. 

ബാബറി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ നീണ്ട 40 ദിവസമാണ് വാദം കേള്‍ക്കാനായി സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് ‌എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്. 

അയോധ്യ ഭൂമി തര്‍ക്ക കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും ഒക്ടോബർ 18നകം വാദം പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മുന്‍പ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി അധിക സമയം വാദം കേട്ടിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂർ അധികവും, കൂടാതെ ശനിയാഴ്ചയും വാദം കേൾക്കല്‍ തുടര്‍ന്നിരുന്നു.

നിലവിലെ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ന​വം​ബ​ര്‍ 17ന് വിരമിക്കും. അതിന് മുന്‍പ് അയോധ്യ ഭൂമി തര്‍ക്ക കേസിൽ വി​ധി​ പ്രസ്താവിക്കും. 

ജ​സ്റ്റീ​സ് ഇ​ബ്രാ​ഹീം ഖ​ലീ​ഫു​ല്ലയുടെ അദ്ധ്യക്ഷതയിലുള്ള മ​ധ്യ​സ്ഥ സ​മി​തി​യു​ടെ നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു കണ്ടാണ്‌ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ല്‍ കേ​സി​ല്‍ അ​ന്തി​മ വാ​ദം കേള്‍ക്കല്‍ തു​ട​ങ്ങി​യ​ത്. 

2.77 ഏക്കർ തർക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി വിധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന 14 അപ്പീലുകളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവര്‍ക്കാണ് ഭൂമി തുല്യമായി വിഭജിച്ചു നല്‍കാന്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്.