സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി...

സതാര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് പിഴവ് പറ്റിയെന്ന്‍ സമ്മതിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!

Last Updated : Oct 19, 2019, 03:10 PM IST
സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തെറ്റുപറ്റി...

സതാര: സതാര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് പിഴവ് പറ്റിയെന്ന്‍ സമ്മതിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!

എന്‍സിപിയുടെ ശക്തികേന്ദ്രമായ സതാരയില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ എന്‍സിപി വിട്ട് ബിജെപിയില്‍ ചേരുകയും, അദ്ദേഹത്തെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുകയുമായിരുന്നു. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പവാറിനെതിരെ നടത്തിയ പരിഹാസത്തിന് പിന്നാലെയാണ് ശരദ് പവാറിന്‍റെ ഈ കുറ്റ സമ്മതം. കശ്മീരിന്‍റെ പേരില്‍ ഭിന്നിപ്പക്കല്‍ രാഷ്ട്രീയം കളിക്കുന്ന ഒരു നേതാവിന് സ്വന്തം തട്ടകമായ സതാരയില്‍ പോലും മത്സരിക്കാന്‍ ധൈര്യമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം.

ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഉദയന്‍രാജെ ഭോസ്ലെയെ സ്ഥാനാര്‍ഥിയായി  പരിഗണിച്ചത് തന്‍റെ തെറ്റായിരുന്നുവെന്ന് ശരദ് പവാര്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. 

"ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എനിക്കൊരു തെറ്റുപറ്റി. പരസ്യമായി ഞാന്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആ തെറ്റ് തിരുത്തുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. സതാരയിലെ എല്ലാ യുവജനങ്ങളും പ്രായമായവരും ഒക്ടോബര്‍ 21-നായി കാത്തിരിക്കുകയാണ്", ശരദ് പവാര്‍ പറഞ്ഞു.

കനത്ത മഴയെ അവഗണിച്ചും സതാരയില്‍ നടന്ന പ്രചാരണ റാലിയില്‍ പവാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 21ലെ തിരഞ്ഞെടുപ്പിന് മഴ ദൈവം എന്‍സിപിയെ അനുഗ്രഹിച്ചിരിക്കുകയാണ്. മഴദേവന്‍റെ അനുഗ്രഹത്താല്‍ സതാര ജില്ല മഹാരാഷ്ട്രയില്‍ ഒരു അത്ഭുതം സൃഷ്ടിക്കും. ആ അത്ഭുതം ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും, അദ്ദേഹം പറഞ്ഞു. 

ശ്രീനിവാസ് പാട്ടീലാണ് സതാരയിലെ എന്‍സിപി-കോണ്‍ഗ്രസ്‌ സഖ്യ സ്ഥാനാര്‍ഥി. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ഇക്കുറി രംഗ പ്രവേശം നടത്തിയിരിക്കുന്ന ഉദയന്‍രാജെ ഭോസ്ലെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് വോട്ടെണ്ണല്‍ നടക്കും. 

 

Trending News