വോട്ടെടുപ്പ് അവസാനിച്ചു; ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്...

സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Updated: May 19, 2019, 07:12 PM IST
വോട്ടെടുപ്പ് അവസാനിച്ചു; ഇനി വിധിയറിയാനുള്ള കാത്തിരിപ്പ്...

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയുമുള്‍പ്പെടെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

7 ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് ആരംഭിച്ചത് ഏപ്രില്‍ 11ന് ആയിരുന്നു. എഴാം ഘട്ടം നടന്നത് മെയ്‌ 19നും. അക്രമസംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അരങ്ങേറിയ പശ്ചിമ ബംഗാള്‍ എല്ലാ ഘട്ടങ്ങളിലും ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. പഞ്ചാബ്‌, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സമധാനപരമായിരുന്നു. 

അവസാനഘട്ട വോട്ടെടുപ്പിലും 60%ല്‍ അധികം പോളിംഗ് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 

അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 39 സീറ്റിൽ ബിജെപി സഖ്യവും, 7 സീറ്റില്‍ യുപിഎ സഖ്യവും വിജയിച്ചിരുന്നു. 

ഇന്ന് തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഏറ്റവും ദേശീയ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു വരാണസി. വരാണസിയിൽ വന്‍ ഭൂരിപക്ഷത്തിലാണ് 2014ല്‍ നരേന്ദ്രമോദി വിജയിച്ചത്. 3.37 ലക്ഷമായിരുന്നു അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. 56% മായിരുന്നു പോളിംഗ്. എന്നാല്‍ ഇത്തവണയും പോളിംഗ് ശതമാനത്തില്‍ മുന്നേറാന്‍ വരാണസിയ്ക്ക് സാധിച്ചില്ല എന്നുവേണം കരുതാന്‍. കാരണം 5 മണിവരെ  46.53% മാത്രമായിരുന്നു വരാണസിയില്‍ പോളിംഗ്.

വാരാണസിയില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിയും എസ്.പി-ബി.എസ്.പി സഖ്യ സ്ഥാനാര്‍ത്ഥി ശാലിനി യാദവുമാണ് മോദിയുടെ എതിരാളികൾ. എസ്.പി-ബിഎസ്പി സഖ്യം മോദിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും എന്നാണ് വിലയിരുത്തല്‍. 

ബീഹാറിലെ പറ്റ്ന സാഹിബ് മണ്ഡലവും ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ്. കാരണം, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘന്‍  സിൻഹയും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദുമാണ് ഈ മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്.

ഏകദേശം 40 ദിവസം നീണ്ട വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി.... ഇനി "എക്സിറ്റ് ഫല"ങ്ങളുടെ സമയം... സ്ഥാനാര്‍ഥികളും ചാനലുകളും വാര്‍ത്താ ഏജന്‍സികളും കൂട്ടിക്കിഴിക്കല്‍ നടത്തുന്ന സമയം... എന്നാല്‍ ശരിയായ ഫലം വോട്ടിംഗ് യന്ത്രത്തില്‍ ഭദ്രം... പെട്ടിതുറക്കുക 23ന്... കാത്തിരിക്കാം... അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള നേതാവിനായി....