രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍...

Last Updated : Apr 2, 2019, 10:32 AM IST
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍...

ഗവര്‍ണര്‍ പദവിയുടെയും കാര്യാലയത്തിന്‍റെയും അന്തസ്സ് കാറ്റില്‍ പറത്തും വിധമായിരുന്നു രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്‍റെ പ്രസ്താവനയെന്ന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റപ്പെടുത്തി. ഒപ്പം ഈ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.

ഗവര്‍ണര്‍ പെരുമാറ്റചട്ട ലംഘനം നടത്തുമ്പോള്‍ സ്വാഭാവികമായും നടപടി കൈക്കൊള്ളേണ്ടത് രാഷ്ട്രപതിയുടെ ചുമതലയായി മാറുന്നു. കാരണം, രാഷ്ട്രപതിയുടെ കാര്യാലയമാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നത് എന്നത് തന്നെ. 

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച നടപടിയാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. 

‘ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.’ എന്നായിരുന്നു കല്യാണ്‍ സിംഗിന്‍റെ വാക്കുകള്‍. കഴിഞ്ഞ 25ന് അലിഗഡില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വ് പ്രകടിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്. മോദിയോടുള്ള ചായ്‌വ് പരസ്യമാക്കുക വഴി അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണ്. 

ഗവര്‍ണര്‍ പദവിയിലിരിക്കെ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം മുന്‍പേതന്നെ രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിച്ച് കുരുങ്ങുന്നത്. 1993ല്‍ ഹിമാചല്‍‌പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷെര്‍ അഹമദ് തന്‍റെ മകനായ സയീദ്‌ അഹമദിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയതുമൂലം പദവിയില്‍നിന്നും രാജി വയ്ക്കേണ്ടതായി വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെതിയറതിനെ തുടര്‍ന്നായിരുന്നു അത്. 

 

 

Trending News