നരേഷ് ഗോയലിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് പിന്നാലെ ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലും കുടുങ്ങുന്നു. അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിലും വസതിയിലും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. 

Last Updated : Aug 23, 2019, 06:27 PM IST
നരേഷ് ഗോയലിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് പിന്നാലെ ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ സ്ഥാപകന്‍ നരേഷ് ഗോയലും കുടുങ്ങുന്നു. അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിലും വസതിയിലും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. 

വിദേശ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നരേഷ് ഗോയലിന്‍റെ മുംബൈയിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നത്. 

അതേസമയം, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിന്‍റെ അടിസ്ഥാനത്തില്‍ തെളിവ് ശേഖരണത്തിനായാണ് പരിശോധനകള്‍ നടത്തിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ വ്യക്തമാക്കി. 2014ല്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇത്തിഹാദ് ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ വിദേശ വിനിമയ ചട്ട (എഫ്ഡിഐ) ലംഘനം നടന്നെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം നടത്തിയതും തുടര്‍ നടപടികളെടുത്തതും.

ഈ വര്‍ഷം മാര്‍ച്ചിലാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവെച്ചത്. 1993ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി  ആരംഭിക്കുന്നത്.

എന്നാല്‍, ഈ വര്‍ഷമാദ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ഇതിലൂടെ തൊഴില്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് നരേഷ് ഗോയലിന് വിദേശത്ത് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Trending News