താജ് മഹലിനെ നിങ്ങള്‍ സംരക്ഷിക്കുമോ, അതോ ഞങ്ങള്‍ പൂട്ടണോ? കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി

ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിന്‍റെ പരിപാലനം കൃത്യമായി നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി.

Updated: Jul 12, 2018, 11:08 AM IST
താജ് മഹലിനെ നിങ്ങള്‍ സംരക്ഷിക്കുമോ, അതോ ഞങ്ങള്‍ പൂട്ടണോ? കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിന്‍റെ പരിപാലനം കൃത്യമായി നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി.

ഒന്നുകില്‍ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ശക്തമായ ഭാഷയില്‍ നിര്‍ദ്ദേശം നല്‍കി. ചരിത്ര സ്മാരകത്തിന്‍റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

'ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രമുഖ പങ്കുവഹിക്കാന്‍ താജ് മഹലിനു കഴിയും. എന്നാല്‍ അതിനു ശ്രമിക്കുന്നില്ല. ഒന്നുകില്‍ ഞങ്ങള്‍ അതു പൂട്ടിയിടും. അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ത്തു കളയുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുക'- സുപ്രിം കോടതി പറഞ്ഞു.

താജ് മഹലിനെ നേരാവണ്ണം സംരക്ഷിക്കുന്നതില്‍ അധികൃതര്‍ ഉദാസീന മനോഭാവമാണ് സ്വീകരിക്കുന്നത്. താജ് മഹലിന്‍റെ സംരക്ഷണത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം യു.പി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാള്‍ എത്രമനോഹരമാണ് താജ് മഹല്‍. ഒരു ടിവി ടവര്‍ പോലെ തോന്നുന്ന ഈഫല്‍ ടവറില്‍നിന്ന് ഫ്രാന്‍സ് എത്രയോ വിദേശനാണ്യം നേടിയെടുക്കുന്നു. താജ് മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. അതിനെ കൃത്യമായി പരിപാലിച്ചാല്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരും. സര്‍ക്കാരിന്‍റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.