നൂറ് ദിവസം കൊണ്ട് 21 സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ). തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടർമാരുടെ സൗകര്യവും മെച്ചപ്പെടുത്തുന്നതിനായാണ് പുത്തൻ സംരംഭങ്ങൾ ഇസിഐ ആരംഭിച്ചത്. നടപടിക്രമ പരിഷ്കാരങ്ങൾ, കപ്പാസിറ്റേഷൻ പ്രോഗ്രാമുകൾ, താൽപ്പര്യമുള്ള കക്ഷികളുടെ പങ്കാളിത്തം എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നവയാണ്. 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ആദ്യ 100 ദിവസങ്ങൾ പ്രായോഗികവും സജീവവുമായ നടപടികളിലൂടെ സജീവമായിരുന്നു. 2025 മാർച്ചിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ (സിഇഒ) കോൺഫറൻസിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് പുനരുജ്ജീവിപ്പിച്ച ഇസിഐയുടെ കാഴ്ചപ്പാട് സിഇസി അനാവരണം ചെയ്തത്. ഇസിഐ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,200 ആയി ഇസിഐ പരിഷ്കരിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അധിക പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും തീരുമാനമായി. ഒരു വോട്ടർക്കും വോട്ടുചെയ്യാൻ രണ്ട് കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. വോട്ടർമാർക്കായുള്ള ഇൻഫർമേഷൻ ബുള്ളറ്റിനുകൾ കൂടുതൽ വ്യക്തതയ്ക്കായി പുനർരൂപകൽപ്പന ചെയ്തു. വോട്ടർ പട്ടികയിലെ സീരിയൽ നമ്പറുകൾ, ഭാഗം എന്നിവ വോട്ടർമാർക്ക് വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ പോളിംഗ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിൽ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യം ഒരുക്കും.
ലളിതമായ ഒരു ഉപയോക്തൃ ഇന്റർഫേസ് സുഗമമാക്കുന്നതിന്, നിലവിലുള്ള 40-ലധികം ആപ്ലിക്കേഷനുകൾ/വെബ്സൈറ്റുകൾക്ക് പകരം താൽപ്പര്യമുള്ള എല്ലാ കക്ഷികൾക്കും എല്ലാ സേവനങ്ങളും ഒരൊറ്റ പോയിന്റിൽ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഇന്റഗ്രേറ്റഡ് കൺട്രോൾ പാനൽ-ECINET വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇസിഐഎൻഇടിയുടെ ചില മൊഡ്യൂളുകൾ നിലവിലെ ഉപതിരഞ്ഞെടുപ്പുകളിൽ ലഭ്യമാകും. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഉപയോഗിക്കാൻ സഹകമായ വിധം ഡാഷ് ബോർഡ് സജ്ജമാകും. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മരണ വിവരം രേഖപ്പെടുത്തിയ രജിസ്ട്രിയിലെ ഡാറ്റയുടെ നേരിട്ടുള്ള സംയോജനം വഴി, വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ട വോട്ടർമാരുടെ വിവരം പരിശോധിച്ചുറപ്പിച്ചു നീക്കം ചെയ്യാൻ ഇസിഐ ആരംഭിച്ചു. ഫീൽഡ് ലെവലിലെ പരിശോധനയ്ക്ക് ശേഷം അപ്ഡേറ്റുകൾ നടത്തുന്നതിനൊപ്പം ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പരിശോധനയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരും.
1950-ലെ ജന പ്രാതിനിധ്യ നിയമം അനുശാസിക്കുന്ന പ്രകാരം ഒരു ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഒരു സ്പെഷ്യൽ സമ്മറി റിവിഷൻ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആദ്യമായി സ്വീകരിക്കപ്പെട്ട നടപടിയാണ് ഇത്. രാഷ്ട്രീയ പ്രവർത്തകരുമായുള്ള പതിവ് ആശയവിനിമയം ക്രിയാത്മകമാക്കുന്നതിന്റെ ഭാഗമായി, 28,000-ത്തിലധികം രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്, രാജ്യത്തുടനീളം 4,719 യോഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുകയുണ്ടായി. സിഇഒ തലത്തിൽ 40 യോഗങ്ങളും ഡിഇഒ തലത്തിൽ 800 യോഗങ്ങളും ഇആർഒ തലത്തിൽ 3,879 യോഗങ്ങളും നടത്തി. ആം ആദ്മി പാർട്ടി, ബിജെപി, ബിഎസ്പി, സിപിഐ (എം), എൻപിപി എന്നിവയുൾപ്പെടെയുള്ള അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി കമ്മീഷൻ ന്യൂഡൽഹിയിൽ കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. നിലവിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളുമായി കൂടുതൽ യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസർമാർക്കും (ബിഎൽഒ) ബൂത്ത് ലെവൽ ഏജന്റുമാർക്കും (ബിഎൽഎ) വേണ്ടിയുള്ള പരിശീലന പരിപാടികൾ ഇസിഐ വിപുലീകരിച്ചു. 3,500-ലധികം ബിഎൽഒ സൂപ്പർവൈസർമാർക്ക് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ടറൽ മാനേജ്മെന്റ് ഓഫ് ഇന്ത്യയിൽ (ഐഐഐഡിഇഎം)-ൽ പരിശീലനം നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഒരു ലക്ഷത്തിലധികം ബിഎൽഒ സൂപ്പർവൈസർമാർക്ക് പരിശീലനം നൽകുകയും ഇവർ തങ്ങളുടെ തന്നെ 10.5 ലക്ഷത്തിലധികം വരുന്ന വലിയൊരു വിഭാഗത്തെ പരിശീലിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.
ഈ വർഷം ജൂലായ് പകുതിയോടെ, 6000-ത്തിലധികം ബിഎൽഓ സൂപ്പർവൈസർമാർക്ക് 20 ബാച്ചുകളായി പരിശീലനം ലഭിക്കും. സമീപഭാവിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. തിരിച്ചറിയൽ, സമീപനം എന്നിവയ്ക്ക് സഹായകമായ വിധം എല്ലാ ബിഎൽഒ-മാർക്കും നിശ്ചിത മാനദണ്ഡത്തിലുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ നൽകും. ബീഹാർ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബിഎൽഎ-മാരെപങ്കെടുപ്പിച്ച് ആദ്യ ബാച്ച് ഐഐഐഡിഇഎമ്മിൽ പരിശീലനം പൂർത്തിയാക്കിവരികയാണ്.
പൊതു ആശയവിനിമയത്തിന്റെ ഗുണനിലവാരവും സമയനിഷ്ഠയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാധ്യമങ്ങളുമായുള്ള പ്രതിബദ്ധതയെക്കുറിച്ച് സിഇഒ മീഡിയ സെല്ലുകളിലെ ഉദ്യോഗസ്ഥർക്ക് ഒരു ഓറിയന്റേഷൻ നല്കിയിട്ടുണ്ട്. കൂടാതെ, തിരഞ്ഞെടുപ്പ് നടപടികളിലെ ബഹുതല സ്വഭാവം കണക്കിലെടുത്ത് ബീഹാർ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന സെഷനുകൾ നടത്തിയിട്ടുണ്ട്. വിവിധ തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഭാഗമായ 28 വിഭാഗങ്ങളിലുള്ള ഗുണഭോക്താക്കളെ കണ്ടെത്തി പരിശീലനം നൽകുന്നതിന് പദ്ധതിയൊരുക്കിയിട്ടുണ്ട്.1950ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങൾ, 1960ലെ ഇലക്ടറൽ റെജിസ്ട്രേഷൻ ചട്ടങ്ങൾ, 1961ലെ ഇലക്ഷൻ നടത്തിപ്പ് ചട്ടങ്ങൾ എന്നിവയിലെ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൊഡ്യൂളുകൾ. മേൽ പരാമർശിച്ച വിഭാഗങ്ങൾക്ക് ഐഐഐഡിഇഎമ്മിൽ പരിശീലനവും ലഭിക്കും.
മറ്റ് പരിഷ്കാരങ്ങൾക്കൊപ്പം, ഇസിഐ അതിന്റെ ആസ്ഥാനത്ത് ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കുകയും ഇ-ഓഫീസ് സംവിധാനം സജീവമാക്കുകയും സിഇഒ തലത്തിൽ പതിവായി അവലോകന യോഗങ്ങൾ ആരംഭിക്കുകയും ചെയ്തു. ആഭ്യന്തര ഏകോപനവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുകയാണ് ഈ നടപടികളുടെ ലക്ഷ്യം. ന്യൂഡൽഹിയിലെ ഐഐഐഡിഇഎമ്മിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ ദേശീയ സമ്മേളനവും ഇസിഐ വിളിച്ചുചേർത്തു. സുപ്രീം കോടതി, 28 ഹൈക്കോടതികൾ രാജ്യത്താകമാനമുള്ള അവയുടെ വിവിധ ബെഞ്ചുകൾ എന്നിവിടങ്ങളിലെ സീനിയർ അഭിഭാഷകർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർ, 36 സിഇഒമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഉയർന്നുവരുന്ന വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ സമന്വയങ്ങൾ വികസിപ്പിക്കുകയും കമ്മീഷന്റെ നിയമ ചട്ടക്കൂട് പുനക്രമീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









