തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുക. 

Last Updated : Mar 10, 2019, 11:27 AM IST
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുക. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയായിരിക്കും തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

കൂടാതെ, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷാ എന്നീ സംസ്ഥാനങ്ങളാണ് അവ.

അതേസമയം, ജമ്മു-കാശ്മീര്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനവും രാജ്യം ഉറ്റുനോക്കുന്നുണ്ട്. രാഷ്‌ട്രപതി ഭരണം നിലനില്‍ക്കുന്ന ജമ്മു-കാശ്മീരില്‍ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമോ എന്നും ഇന്നറിയാം. ജമ്മു-കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ജമ്മു-കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. 

എന്തായാലും ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നടങ്കം നേരിടുകയാണ് എന്നതും ഈ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്.

ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ പിരിച്ചു വിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുമെന്നൊരു സൂചന പുറത്തു വന്നിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍  ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി യോഗം ഇരുസംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയെന്ന ധാരണയിലെത്തിയിരുന്നു.

അതേസമയം, പ്രഖ്യാപനം വന്നു കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃക പെരുമാറ്റചട്ടം നിലവില്‍ വരും.

 

 

 

Trending News