സംഘപരിവാര്‍ അനുകൂലികളുടെ അതി ശക്തമായ പ്രതിഷേധവും സൈബര്‍ ആക്രമണവും രൂക്ഷമായതോടെ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ ചില 'റീ എഡിറ്റിങ്' വരുത്തി പുതിയ പതിപ്പ് ഇറക്കിയത്. എന്നാല്‍ ഇപ്പോഴും വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും കുറവില്ല എന്നതാണ് സത്യം.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ആയിരുന്നു സിനിമയ്ക്കും പൃഥ്വിരാജിനും എതിരെ അതിരൂക്ഷമായി ആദ്യം രംഗത്ത് വന്നത്. തുടര്‍ച്ചയായി മൂന്ന് റിപ്പോര്‍ട്ടുകള്‍ ആയിരുന്നു അവര്‍ സിനിമയ്ക്കും പൃഥ്വിരാജിനും എതിരെ പ്രസിദ്ധീകരിച്ചത്. മോഹന്‍ലാല്‍ ഖേദ പ്രകടനം നടത്തിയതിന് ശേഷവും പൃഥ്വിരാജിനും മുകളി ഗോപിയ്ക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ അവര്‍ തുടര്‍ന്നിരുന്നു.
ഇപ്പോള്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയതിന് ശേഷവും ഓര്‍ഗനൈസര്‍ സിനിമയേയും പൃഥ്വിരാജിനേയും വെറുതേ വിടുന്നില്ല. റീ എഡിറ്റിങ്ങിന് ശേഷവും സിനിമ ദേശവിരുദ്ധമായി തുടരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൃഥ്വിരാജ്- മുരളി ഗോപി നെക്‌സസിനെ കുറിച്ച് അന്വേഷിക്കണം എന്നും തലക്കെട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
24 മാറ്റങ്ങള്‍ വരുത്തിയിട്ടും സിനിമ അടിസ്ഥാനപരമായി രാജ്യവിരുദ്ധ, ഹിന്ദു വിരുദ്ധ, ക്രിസ്ത്യന്‍ വിരുദ്ധ നിലപാടുകളെ ആണ് പ്രൊമോട്ട് ചെയ്യുന്നത് എന്നാണ് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്ദുക്കളുടെ നടപടികള്‍കൊണ്ടാണ് മുസ്ലീങ്ങള്‍ തീവ്രവാദിത്തിലേക്ക് തിരിയുന്നത് എന്നാണ് സിനിമ ഇപ്പോഴും പറയുന്നത് എന്ന് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ആരോപിക്കുന്നു.
പൃഥ്വിരാജിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഓര്‍ഗനൈസര്‍ ഇപ്പോഴും ഉന്നയിക്കുന്നത്. രാജ്യവിരുദ്ധ നിലപാടുകളാണ് പൃഥ്വിരാജിനുള്ളത് എന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനങ്ങളേയും അവര്‍ ലാക്കാക്കുന്നുണ്ട്. സേവ് ലക്ഷദ്വീപ് കാമ്പയിന്‍ പങ്കെടുത്തതും 'ജനഗണമന' സിനിമയില്‍ അഭിനയിച്ചതും എല്ലാം വീണ്ടും വിമര്‍ശന വിധേയമാക്കുന്നുണ്ട്. മുരളി ഗോപിയെ അരാജകത്വ വാദി എന്നാണ് ഓര്‍ഗനൈസര്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയേയും ഭരണകൂടത്തേയും വെല്ലുവിളിക്കുന്ന ആളാണ് മുരളി എന്നും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
പുതുക്കിയ റി എഡിറ്റഡ് പതിപ്പില്‍ രണ്ട് മിനിട്ട് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് വെട്ടിമാറ്റിയിട്ടുള്ളത്. കലാപദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ ഗുജറാത്ത് 2002 എന്ന് എഴുതിക്കാണിക്കുന്നത് 'കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്' എന്നാക്കിയിട്ടുണ്ട്. പ്രധാന വില്ലന്റെ പേര് ബജ്രംഗി എന്നത് ബല്‍ദേവ് എന്നും ആക്കി മാറ്റി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ദൃശ്യദൈര്‍ഘ്യം കുറയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









