താജ് മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു

ഇനിമുതല്‍ താജ് മഹല്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര സഞ്ചാരികള്‍ 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കേണ്ടിവരും. 

Last Updated : Aug 9, 2018, 04:48 PM IST
താജ് മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചു

ആഗ്ര: താജ് മഹല്‍ ഉള്‍പ്പെടെ എല്ലാ ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ധിപ്പിച്ചുകൊണ്ട് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി. ഇനിമുതല്‍ താജ് മഹല്‍ സന്ദര്‍ശിക്കാന്‍ ആഭ്യന്തര സഞ്ചാരികള്‍ 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. 

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നൊഴികെയുള്ള വിദേശ സഞ്ചാരികള്‍ ഇനിമുതല്‍ 1100 രൂപ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ഫീസായി നല്‍കേണ്ടിവരും. നേരത്തേ ഇത് 1000 രൂപയായിരുന്നു. ആഗ്ര ഡെവലപ്‌മെന്റ് അതോറിറ്റി ടോള്‍ നികുതിയിനത്തില്‍ ഈടാക്കുന്ന 500 രൂപ ഉള്‍പ്പെടെയാണിത്. 

അതേ സമയം ആഭ്യന്തര സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത് 50 രൂപയാണ്. കൂടാതെ 500 രൂപ ടോള്‍ നികുതിയുള്‍പ്പെടെ 540 രൂപയാണ് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ നല്‍കേണ്ട സന്ദര്‍ശന ഫീസ്. 

സന്ദര്‍ശന ഫീസില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണം കുറയുന്നതിനിടയാക്കുമെന്ന് സഞ്ചാരികളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഫീസ് ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Trending News