രാമക്ഷേത്രത്തിന് 11 രൂപയും ഒരു ഇഷ്ടികയും സംഭാവന നല്‍കണം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Ajitha Kumari | Updated: Dec 14, 2019, 03:31 PM IST
രാമക്ഷേത്രത്തിന് 11 രൂപയും ഒരു ഇഷ്ടികയും സംഭാവന നല്‍കണം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഝാര്‍ഖ​ണ്ഡിലെ ഓരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ എല്ലാ ജനങ്ങളും പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് യോഗി പറഞ്ഞു.

അയോധ്യയില്‍ വളരെ അടുത്തുതന്നെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും ഝാര്‍ഖണ്ഡിലെ ഓരോ വീട്ടില്‍ നിന്നും 11 രൂപയും ഒരു ശില അതായത്  ഇഷ്ടികയും സംഭാവന നല്‍കാന്‍ ഞാന്‍ അപേക്ഷിക്കുന്നുവെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നതെന്നും യാതൊരു വിധത്തിലുള്ള വിവേചനങ്ങളുമില്ലാതെ സമൂഹത്തിന്‍റെ എല്ലാ കോണിലും വികസനം എത്തുമ്പോഴാണ് അതിനെ രാമരാജ്യം എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് നവംബര്‍ 9 ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.