എക്‌സിറ്റ്‌ പോള്‍ അന്തിമഫലമല്ല, സൂചനകള്‍ മാത്രം: നിതിന്‍ ഗഡ്‌കരി

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമഫലമല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. 

Updated: May 20, 2019, 07:26 PM IST
എക്‌സിറ്റ്‌ പോള്‍ അന്തിമഫലമല്ല, സൂചനകള്‍ മാത്രം: നിതിന്‍ ഗഡ്‌കരി

നാഗ്‌പൂര്‍: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അന്തിമഫലമല്ലെന്നും ഫലസൂചനകള്‍ മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. 

എന്നാല്‍ പുറത്തുവരുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ഇത് എന്‍ഡിഎ സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"എക്‌സിറ്റ്‌ പോള്‍ ഒരിക്കലും അന്തിമഫലമല്ല, അത്‌ ചില സൂചനകളാണ്‌. അതേസമയം തന്നെ തിരഞ്ഞെടുപ്പ്‌ ഫലത്തിന്‍റെ പൊതുവായ ഒരു ചിത്രം അവ പ്രതിഫലിപ്പിക്കുന്നുമുണ്ട്‌." നിതിന്‍ ഗഡ്‌കരി പറഞ്ഞു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വീണ്ടും പിന്തുണയ്‌ക്കുകയാണ്‌. അതിന്‍റെ സൂചനകളാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ നല്‍കുന്നതെന്നും നിതിന്‍ ഗഡ്‌കരി അഭിപ്രായപ്പെട്ടു. 
പ്രധാനമന്ത്രി നരേന്ദ്രമോദിയുെട ജീവിതകഥ പ്രമേയമായ പിഎം നരേന്ദ്രമോദി ചിത്രത്തിന്‍റെ പോസ്‌റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവേ ആണ് നിതിന്‍ ഗഡ്‌കരി ഇപ്രകാരം പറഞ്ഞത്. 

മഹാരാഷ്ട്രയില്‍ 2014ല്‍ ബിജെപിക്കും എന്‍ഡിഎക്കും ലഭിച്ച സീറ്റുകള്‍ ഇത്തവണയും ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒട്ടുമിക്ക എക്‌സിറ്റ്‌ പോളുകളും മോദി അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിക്കുന്നത്. മുന്നൂറു സീറ്റുകളിലധികം നേടി വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പറയുന്നത്.