ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദർശനം.  

Last Updated : Mar 17, 2019, 02:07 PM IST
ദ്വിദിന സന്ദർശനത്തിനായി സുഷമ സ്വരാജ് മാലിദ്വീപില്‍

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാലിദ്വീപില്‍. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

മാലിദ്വീപ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദർശനം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

വിദേശകാര്യമന്ത്രി ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, ധനകാര്യ വകുപ്പ് മന്ത്രി ഇബ്രാഹിം അമീർ, ആസൂത്രണവകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം, ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീൻ, ഗതാഗത വകുപ്പ് മന്ത്രി ഐഷത്ത് നഹുള, കലാസാംസ്കാരിക വകുപ്പ് മന്ത്രി യുമ്ന മൗമൂൻ, പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ ഹുസ്സൈൻ റഷീദ് ഹസൻ തുടങ്ങി മാലിദ്വീപിലെ വിവിധ വകുപ്പ് മന്ത്രിമാരുമായി സുഷമ സ്വരാജ് ഉഭയകക്ഷി ചർച്ചകൾ നടത്തും.

മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. ഇന്ന് സുഷമ സ്വരാജ് മാലിദ്വീപ് സ്പീക്കർ കാസിം ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. 

തിങ്കളാഴ്ച മന്ത്രി മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് ഇമ്രാൻ അബ്ദുള്ളയുമായി ചർച്ചകൾ നടത്തും. വിശ്വാസത്തിലും സുതാര്യതയിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ബന്ധമാണ് മാലിയുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാലിദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണത്തിൻ കീഴിൽ ഇന്ത്യയും മാലിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ചൈനയുമായി മാലി വിവിധ കരാറുകളിൽ ഒപ്പ് വയ്ക്കുകയും പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ തടവിലാക്കുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിൽ മാലിദ്വീപുമായുള്ള സൗഹാർദ്ദപരമായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മാലി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇബ്രാഹിം മുഹമ്മദ് സൊളി നേടിയ അട്ടിമറി വിജയം ഇന്ത്യയുടെ വലിയ നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. 

നവംബറിൽ നടന്ന സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലി ദ്വീപിലെത്തിയിരുന്നു. മാലി സമ്പദ്ഘടനയുടെ ദുർബലാവസ്ഥ അന്ന് സൊളി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വിവിധ മേഖലകളിൽ വികസന സഖ്യങ്ങൾ രൂപീകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഇരു നേതാക്കളും അന്ന് ചർച്ച നടത്തിയിരുന്നു. മാലിദ്വീപ് ജനതയോട് പുതിയ സർക്കാരിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ സഹായം വാഗ്ദാനം ചെയ്തിരുന്നു.

Trending News