മണിക്കൂറുകള്‍ നീണ്ട കുത്തിയിരിപ്പിന് ശേഷം പ്രിയങ്കയെ കാണാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ എത്തി

എന്നാല്‍ മിര്‍സാപ്പൂരിലെ പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. 

Last Updated : Jul 20, 2019, 02:24 PM IST
മണിക്കൂറുകള്‍ നീണ്ട കുത്തിയിരിപ്പിന് ശേഷം പ്രിയങ്കയെ കാണാന്‍ മരിച്ചവരുടെ ബന്ധുക്കള്‍ എത്തി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രതിഷേധത്തിന് ഫലമുണ്ടായി.

പ്രിയങ്കയുടെ കുത്തിയിരിപ്പ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അധികൃതര്‍ വഴങ്ങുകയും സോന്‍ഭദ്രയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അവസരവും നല്‍കി.

എന്നാല്‍ മിര്‍സാപ്പൂരിലെ പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഇന്നലെ സോന്‍ഭദ്രയിലേക്കുള്ള യാത്രാമധ്യേ പൊലീസ് അവരെ വഴിയില്‍ തടയുകയായിരുന്നു.  അതോടെ പ്രിയങ്ക കുത്തിയിരിപ്പ് സമരം തുടങ്ങി.  ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് പ്രിയങ്കയേ മാറ്റിയെങ്കിലും അവിടെയും അവര്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നു.

രാത്രിയില്‍ സമവായ ചര്‍ച്ചകള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പ്രിയങ്ക വഴങ്ങിയില്ല. ഇതിനിടയില്‍ വെള്ളവും വൈദ്യുതിയും അടക്കം ഗസ്റ്റ് ഹൗസില്‍ നിഷേധിച്ചുവെന്നും കോണ്‍ഗ്രസ്‌ പറഞ്ഞു.

സോന്‍ഭദ്ര ജില്ലയില്‍ ഉഭ ഗ്രാമത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 10 പേരെ വെടിവെച്ചു കൊന്നത്.  നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് രണ്ടുവര്‍ഷംമുമ്പ് 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തുകയും. ട്രാക്ടറുകള്‍ എത്തിച്ച് നിലമുഴാന്‍ തുടങ്ങുകയും ചെയ്തു. ഈ നീക്കം ഗ്രാമവാസികള്‍ തടയുകയും ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ഗ്രാമവാസികള്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

Trending News