ഇന്ത്യ പാക് യുദ്ധം ഫെബ്രുവരി 8ന്!

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രസിപ്പിക്കുന്ന പ്രസ്താവനയുമായി മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപി നേതാവും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്ര.

Sheeba George | Updated: Jan 23, 2020, 04:52 PM IST
ഇന്ത്യ പാക് യുദ്ധം ഫെബ്രുവരി 8ന്!

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രസിപ്പിക്കുന്ന പ്രസ്താവനയുമായി മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപി നേതാവും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്ര.

ഫെബ്രുവരി 8ന് നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പ് വെറും തിരഞ്ഞെടുപ്പല്ല, ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധമാണെന്നാണ് കപില്‍ മിശ്ര വിശേഷിപ്പിച്ചത്‌.

'ഫെബ്രുവരി 8ന് ഇന്ത്യയും പാക്കിസ്ഥാനും ഡല്‍ഹിയിലെ തെരുവുകളില്‍ യുദ്ധം ചെയ്യും', കപില്‍ മിശ്ര ട്വീറ്റ് ചെയ്തു.

മറ്റൊരു ട്വീറ്റില്‍ പാക്കിസ്ഥാന്‍ ഇതിനോടകം ഇന്ത്യയില്‍ പ്രവേശിച്ച് കഴിഞ്ഞതായും, പാക്കിസ്ഥാനി പ്രതിഷേധക്കാര്‍ ഡല്‍ഹിയുടെ തെരുവുകളെ കീഴടക്കിയതായും അദ്ദേഹം പ്രസ്താവിച്ചു.   

മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഇപ്പോള്‍ ബിജെപി നേതാവും നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്ര മോഡല്‍ ടൗൺ മണ്ഡലത്തില്‍നിന്നാണ് മത്സരിക്കുന്നത്.

അതേസമയം, മോഡൽ ടൗൺ നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചതില്‍ അപാകതയുണ്ടെന്ന്‍ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ആരോപിച്ചു. ഇത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയും പത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേയ്ക്ക് ഫെബ്രുവരി 8നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.