സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം, മ​ന്‍​മോ​ഹ​നോ​ട് ഉ​പ​ദേ​ശം തേ​ടൂ....

രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്ര​തി​സ​ന്ധിയില്‍ ന​രേ​ന്ദ്രമോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി സ​ഖ്യ ക​ക്ഷി​യാ​യ ജെ​ഡി​യു. 

Sheeba George | Updated: Dec 2, 2019, 07:01 PM IST
സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം, മ​ന്‍​മോ​ഹ​നോ​ട് ഉ​പ​ദേ​ശം തേ​ടൂ....

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് രൂക്ഷമായ സാമ്പത്തിക പ്ര​തി​സ​ന്ധിയില്‍ ന​രേ​ന്ദ്രമോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി സ​ഖ്യ ക​ക്ഷി​യാ​യ ജെ​ഡി​യു. 

രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക സ്ഥി​തി രൂ​ക്ഷ​മാ​ണെ​ന്നും അ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഐ​ക്യ​ജ​ന​താ​ദ​ള്‍ നേ​താ​വ് കെ.​സി. ത്യാ​ഗി മാധ്യമങ്ങളോട് പ​റ​ഞ്ഞു. 

കേന്ദ്രസ​ര്‍​ക്കാ​രി​ന്‍റെ സാമ്പത്തിക ന​യ​ങ്ങ​ളെ എ​തി​ര്‍​ത്ത് എ​ന്‍​ഡി​എ ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ രം​ഗ​ത്തെ​ത്തി​യ​തി​ന്  പി​ന്നാ​ലെ​യാ​ണു ജെ​ഡി​യു​വും സ​മാ​ന​മാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​റ​യു​ന്ന​തും കാ​ര്‍​ഷി​ക രം​ഗ​ത്ത് തി​രി​ച്ച​ടി​യു​ണ്ടാ​കു​ന്ന​തും ആ​ശ​ങ്കാ ജ​ന​ക​മാ​ണ്. അ​തി​നി​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ സൂ​ച​ന​ക​ള്‍ ന​ല്‍​കു​ന്നു. രാ​ജ്യ​ത്ത് ജോ​ലി​യി​ല്ല, തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച്‌ റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​യ​രു​ത്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും സാമ്പത്തിക വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ല്‍ നി​ന്നു ഉ​പ​ദേ​ശം തേ​ട​ണം. ഏ​റ്റു​മു​ട്ട​ലി​ന​ല്ല, കൂ​ടി​യാ​ലോ​ച​ന​യാ​ണ് ഇ​പ്പോ​ള്‍ വേ​ണ്ട​തെ​ന്നും കെ.​സി. ത്യാ​ഗി വ്യ​ക്ത​മാ​ക്കി.

അതേസമയം, രാ​ജ്യ​ത്തി​ന്‍റെ സാമ്പത്തിക രം​ഗം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലാ​ണെ​ന്നും ത​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​കാ​ലി​ദ​ള്‍ നേ​താ​വ് ന​രേ​ശ് ഗു​ജ്റാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 

രാജ്യത്തി​​ന്‍റെ ജി.ഡി.പി വളര്‍ച്ചാ നിരക്ക്​ രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്ക്​ ഇടിഞ്ഞതിന്​ പിന്നാലെയാണ്  വിമര്‍ശനവുമായി ബി.ജെ.പി സഖ്യകക്ഷികള് എത്തിയിരിക്കുന്നത്. ശിരോമണി അകാലിദളും ജെ.ഡി.യുവുമാണ്​ ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്​. രാജ്യത്തെ സമ്പദ് ​വ്യവസ്ഥ അപായ മുന്നറിയിപ്പ്​ നല്‍കി കഴിഞ്ഞുവെന്ന്​ ശിരോമണി അകാലിദള്‍ നേതാവ്​ നരേഷ്​ ഗുജ്റാള്‍ പറഞ്ഞു. തൊഴിലില്ലായ്​മയും വളര്‍ച്ചാ നിരക്ക്​ കുറയുന്നതുമാണ്​ പ്രതിസന്ധിക്ക്​ കാരണമെന്നും ഉടന്‍ ഇടപ്പെടല്‍ നടത്തണമെന്നും ഗുജ്​റാള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ആവര്‍ത്തിച്ച്‌​ വ്യക്​തമാക്കു​​ന്നത്.