ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. 

Last Updated : Nov 11, 2018, 02:17 PM IST
ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ

റായ്പൂര്‍: ഛത്തീസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഛത്തിസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങള്‍ മാത്രം തിരഞ്ഞെടുത്താണ് ആദ്യ ഘട്ട പോളിംഗ്.

ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.

മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറില്‍ 12 ഉം രാജ്‌നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളാണിവ. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവ് തന്നെ. നാലാംവട്ടം തിരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്. മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നു.

നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. എതിരാളി കോണ്‍ഗ്രസിന്‍റെ ചന്ദന്‍ സിംഗ് കശ്യപിനെ കഴിഞ്ഞ തവണ 12000 വോട്ടിന് തോല്‍പ്പിച്ച്‌ സഭയിലെത്തിയ കേദാര്‍ കശ്യപിന് ഇത് രണ്ടാമൂഴം. സംസ്ഥാനത്ത് സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്.

അര്‍ധസൈനിക വിഭാഗത്തെ ഉള്‍പ്പെടെ സംസ്ഥാനത്ത് വിന്യസിച്ചതായി ഛത്തീസ്ഗഡ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ‍(മാവോവാദി വിരുദ്ധ ഓപ്പറേഷന്‍സ്) ഡിഎം അവസ്തി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മുന്നൂറിലധികം ബോംബുകള്‍ ബസ്തര്‍ മേഖലയില്‍നിന്നും രാജ്‌നന്ദ്ഗാവ് ജില്ലയില്‍നിന്നും സുരക്ഷാസേന കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ മാവോവാദികള്‍ അട്ടിമറിക്കാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി ആര്‍ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന 650 കമ്പനികളാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള 65000 പോലീസുകാരെയും തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും അവസ്തി വ്യക്തമാക്കി. 

Trending News