close

News WrapGet Handpicked Stories from our editors directly to your mailbox

5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.      

Updated: Dec 11, 2018, 07:13 AM IST
5 സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന്, വിജയം ആര്‍ക്കൊപ്പം?

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധിയായിരിക്കും ഇത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന ഈ ഫലത്തില്‍ നിന്നും വ്യക്തമാകും. 

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളുടെ ജനവിധി മണിക്കൂറുകൾക്കുള്ളിൽ അറിയാം. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം.

രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കനത്ത സുരക്ഷാവലയത്തിലാണ് എല്ലാ സ്ട്രോങ് റൂമുകളും. വോട്ടിംഗ് യന്ത്രങ്ങൾ വഴിയിലുപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുൾപ്പടെയുള്ള വിവാദങ്ങളുണ്ടായതിനാൽ ജാഗ്രതയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകൾ തുറന്ന് വോട്ടെണ്ണൽ തുടങ്ങുക. 

കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ശരിക്കും കേന്ദ്രസര്‍ക്കാരിന് അഗ്‌നിപരീക്ഷയായിരിക്കും ഇന്നത്തെ ജനവിധി.

മധ്യപ്രദേശ്

ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.
തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്. 

ബിജെപിയും കോൺഗ്രസും മധ്യപ്രദേശിൽ തനിച്ചാണ് ഇത്തവണ മത്സരിച്ചത്. സമാജ്‍വാദി പാർട്ടി ഗോൺട്‍വാന ഗണതന്ത്ര പാർട്ടിയെന്ന ഗോത്രപാർട്ടിയുമായി ചേർന്ന് ജനവിധി തേടി. ദളിത് വോട്ടുകളിൽ വിശ്വാസമർപ്പിച്ച് ബിഎസ്പിയും ഒറ്റയ്ക്ക് കളത്തിലിറങ്ങി. 

മധ്യപ്രദേശില്‍ വ്യാപം അഴിമതി ഉള്‍പ്പെടെ സര്‍ക്കാര്‍വിരുദ്ധ വിഷയങ്ങള്‍ ചൗഹാനെ പിടികൂടിയിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങള്‍ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി.

രാജസ്ഥാന്‍

ആകെ 200 സീറ്റുകളുണ്ട് രാജസ്ഥാനിൽ. ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് 199 സീറ്റുകളിലാണ്. ആൾവാർ ജില്ലയിലെ രാംഗഢ് മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചു. ഇവിടെ കേവലഭൂരിപക്ഷം നേടാൻ നൂറ് സീറ്റുകൾ സ്വന്തമാക്കണം.

ബിജെപിയും ബിഎസ്‍പിയും ആംആദ്മി പാർട്ടിയും സിപിഎമ്മും രാജസ്ഥാനിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് ആർഎൽഡി, എൽജെഡി, എൻസിപി എന്നിവർക്കൊപ്പമാണ് മത്സരിച്ചത്. 

കർഷകപ്രശ്നങ്ങൾ ആളിക്കത്തിയപ്പോഴും രാജസ്ഥാനിൽ വോട്ട് തീരുമാനിച്ചത് ജാതിപ്രശ്നങ്ങളാണ്. വസുന്ധരാരാജെ സിന്ധ്യയ്ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്‍പുത് വിഭാഗത്തിന്‍റെ അതൃപ്തിയും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്.

ഛത്തീസ്ഗഡ്‌

ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. 

കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്ഗഡ് രാഷ്ട്രീയം അടക്കി വാഴുകയാണ് ബിജെപി. നാലാം തവണയും സർക്കാർ രൂപീകരണത്തിന് ശ്രമിയ്ക്കുന്ന ബിജെപിയ്ക്ക് മുന്നിലെ വെല്ലുവിളികൾ ഗോത്രവിഭാഗങ്ങളിലെ അതൃപ്തിയും കർഷകപ്രശ്നങ്ങളും ഭരണവിരുദ്ധവികാരവുമായിരുന്നു.

ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ 

സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള  സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിടുന്നത് ദളിത്, പട്ടികവർഗ, ഗോത്ര വോട്ടുബാങ്കാണ്.

തെലങ്കാന

ആകെ 119 സീറ്റുകളാണ് തെലങ്കാനയിൽ. ഇതിൽ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകൾ വേണം. ഇപ്പോൾ ഫലം പുറത്തു വരാനിരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പോലെ 2013-ൽ അല്ല തെലങ്കാനയിൽ ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തിനടുത്ത് 2014-ലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും നേരത്തേ നിയമസഭ പിരിച്ചുവിട്ടതിനാൽ നേരത്തേ തിരഞ്ഞെടുപ്പ് നടക്കുന്നു.

ടിആർഎസ് എന്ന വൻ പ്രാദേശികശക്തിയുടെ മുന്നിൽ വിശാലപ്രതിപക്ഷസഖ്യം വിജയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവും. തെലങ്കാന രാഷ്ട്രസമിതിയെന്ന കെസിആറിന്‍റെ പാർട്ടി ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസാകട്ടെ ടിആർഎസ്സിനെ നേരിടാൻ എൻഡിഎയിൽ നിന്ന് തെറ്റിപ്പിരിഞ്ഞുവന്ന ചന്ദ്രബാബുനായിഡുവിന്‍റെ തെലുഗുദേശം പാർട്ടിയെ കൂടെക്കൂട്ടി. 

മിസോറാം

ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം.

മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർഥികളാണ്. 10 വ‍ർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ ചെറുപാർട്ടികൾക്ക് കഴിയുമോ എന്നതാണ് ചോദ്യം.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.