ഫോനി: 81 ട്രെയിനുകള്‍ റദ്ദാക്കി, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ഒഡിഷ. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാന്‍ തക്ക തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്.

Updated: May 2, 2019, 12:10 PM IST
ഫോനി: 81 ട്രെയിനുകള്‍ റദ്ദാക്കി, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ഒഡിഷ. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാന്‍ തക്ക തയ്യാറെടുപ്പാണ് സംസ്ഥാനം നടത്തുന്നത്.

അതേസമയം, ഫോനി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 81 ട്രെയിനുകള്‍ റദ്ദ് ചെയ്തു. ഭദ്രക്-വിഴിയ നഗരം പാതയിലുള്ള ട്രെയിന്‍ മെയ് രണ്ട് വൈകുന്നേരം മുതല്‍ റദ്ദ് ചെയ്തു. ഭുവനേശ്വര്‍-പുരി, ഈസ്റ്റ് കോസ്റ്റ് എക്സപ്രസ്, കോറൊമോണ്ടല്‍ എന്നിവയും രണ്ടാം തിയതി മുതല്‍ ഓടുന്നതായിരിക്കില്ല.

പറ്റ്ന-എറണാകുളം എക്‌സ്പ്രസ്, ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ മറ്റു ചില പ്രധാന ട്രെയിനുകള്‍.

റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്ര ചെയ്യാനുദ്ദേശിച്ച മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ, യാത്രക്കാര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും റെയില്‍വെ അറിയിച്ചു. സ്റ്റേഷനില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ റെയില്‍വെയുടെ ഭക്ഷണശാലകളില്‍ ലഭ്യമാക്കും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ മറ്റ് ഗതാഗതസൗകര്യങ്ങളും റെയില്‍വെ ഒരുക്കിയിട്ടുണ്ട്.

റെയില്‍വെ ജീവനക്കാര്‍ 24 മണിക്കൂറും യാത്രക്കാരുടെ സഹായത്തിനായി ഉണ്ടാകണമെന്നും റെയില്‍വെ പ്രത്യേകം നിര്‍ദേശിച്ചു. യാത്രക്കാരുടെ സഹായത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പരും റെയില്‍വെ നല്‍കിയിട്ടുണ്ട്.

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരം തൊടുമെന്ന കാലാവസ്ഥാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രക്ഷാ സേനയും കനത്ത ജാഗ്രതയിലാണ്. 8 ലക്ഷത്തോളം ആളുകളെ സുരക്ഷതിമായ ഇടങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

മുന്‍കരുതലെന്നവണ്ണം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാവികസേന, ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണസേനകൾ എന്നിവയെല്ലാം ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ്.

ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.