ഫോനി: 16 മരണം; നാളെ പ്രധാനമന്ത്രി ഒഡീഷയില്‍

ഒഡീഷയില്‍ കനത്ത നാശം വിതച്ച് കടന്നുപോയ ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത നാശം സംഭവിച്ച സംസ്ഥാനത്തെ 10,000 ഗ്രാമങ്ങളിലും 52 നഗര പ്രദേശങ്ങളിലും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

Last Updated : May 5, 2019, 02:29 PM IST
ഫോനി: 16 മരണം; നാളെ പ്രധാനമന്ത്രി ഒഡീഷയില്‍

പുരി: ഒഡീഷയില്‍ കനത്ത നാശം വിതച്ച് കടന്നുപോയ ഫോനി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കനത്ത നാശം സംഭവിച്ച സംസ്ഥാനത്തെ 10,000 ഗ്രാമങ്ങളിലും 52 നഗര പ്രദേശങ്ങളിലും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയായി. നിരവധി പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്.

11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതിനാല്‍ ആളപായം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുരി നഗരത്തില്‍ വന്‍ നാശമാണ് ഫോനി ചുഴലിക്കാറ്റില്‍ സംഭവിച്ചിരിക്കുന്നത്. 

സംസ്ഥാനം ഇത്രയധികം മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും 16 ജീവനുകള്‍ നഷ്ടപ്പെട്ടു. അതേസമയം, 1086 കോടിയുടെ കേന്ദ്ര ദുരിതാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

അതേസമയം, ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശിക്കും. 

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനല്‍ക്കാലത്ത് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുക അപൂര്‍വമാണ്. എന്നാല്‍ തീരെ അപ്രതീക്ഷിതമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാഴ്ച മുന്‍പ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും, ചുഴലിക്കാറ്റായി ശ്രീലങ്കന്‍ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡീഷയിലേക്ക് എത്തിയതും.

"ഫോനി" എന്ന വാക്കിന് 'പാമ്പിന്‍റെ കഴുത്ത്' എന്നാണ് അര്‍ത്ഥം. ബംഗ്ലാദേശ് സര്‍ക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്.

 

 

Trending News