മിസ്റ്റര്‍ പ്രധാനമന്ത്രി, ദൈവത്തെയോര്‍ത്ത് അത്രയെങ്കിലും താങ്കള്‍ ചെയ്യണം...

ഉന്നാവോ സംഭവത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

Last Updated : Jul 30, 2019, 05:52 PM IST
മിസ്റ്റര്‍ പ്രധാനമന്ത്രി, ദൈവത്തെയോര്‍ത്ത് അത്രയെങ്കിലും താങ്കള്‍ ചെയ്യണം...

ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

ഉന്നാവോ സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെയോര്‍ത്ത് ആ ക്രിമിനലിനും അദ്ദേഹത്തിന്‍റെ സഹോദരനും താങ്കളുടെ പാര്‍ട്ടി നല്‍കിപ്പോന്ന രാഷ്ട്രീയപരമായ എല്ലാ അധികാരവും എടുത്തുകളയണണം. ഇപ്പോഴും വൈകിയിട്ടില്ല...”, എന്നാണ് എഫ്ഐആറിന്‍റെ പകര്‍പ്പ് ടാഗ് ചെയ്തുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.

ഇരകള്‍ ജീവന് വേണ്ടി പൊരുതുമ്പോള്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെപ്പോലുള്ള ഒരാള്‍ക്ക് എന്തിനാണ് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

ഈ എഫ്ഐആര്‍ പലതും വ്യക്തമാക്കുന്നുണ്ട്. ബിജെപി എംഎല്‍എ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. ആസൂത്രിതമായ ഒരു അപകട സാധ്യതയെക്കുറിച്ച് പോലും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ബിജെപി നടപടിയെടുക്കാന്‍ വൈകുന്നത് എന്നും പ്രിയങ്ക ചോദിച്ചു. 

അതേസമയം, മുന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''ബേട്ടി ബചാവോ ബേട്ടി പഠാവോ. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കായി ഒരു പ്രത്യേക പാഠം. ഒരു ബിജെപി എംഎല്‍എ നിങ്ങളെ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യരുത്''.  

രാഹുല്‍ ഗാന്ധിയെ കൂടാതെ നിരവധി ദേശീയ നേതാക്കള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. മറ്റ് പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, മായാവതി എന്നിവരും ഉന്നാവോ സംഭവത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു. 

അതേസമയം, ദേശീയ നേതാക്കളുടെ വിമര്‍ശനം ഫലം കണ്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ് കുല്‍ദീപ് സിംഗ് സെന്‍ഗറിനെ പുറത്താക്കിയതായി മാധ്യമങ്ങളെ അറിയിച്ചു.
 
അതേസമയം പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന് 40 മണിക്കൂര്‍ നേരം പിന്നിടുമ്പോഴും പെണ്‍കുട്ടിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലഖ്‌നൗവിലെ കി൦ഗ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ട്രോമാ സെന്‍ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.

പെണ്‍കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ശ്വാസ കോശത്തില്‍ രക്തസ്രാവം ഉള്ളതായും തലയ്ക്ക് ഗുരുതരപരിക്കുകള്‍ പറ്റിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

 

Trending News