close

News WrapGet Handpicked Stories from our editors directly to your mailbox

കേരളത്തെ സ്നേഹിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി!!

2014ല്‍ അധികാരത്തിലേറി 5 മാസത്തിന്ശേഷം ഓഗസ്റ്റില്‍ കേരളത്തോട് യാത്ര പറയുമ്പോള്‍ കേരള ഗവര്‍ണറായിരുന്ന ഷീല ദീക്ഷിത് മനസ്സില്‍ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു... കേരളത്തില്‍ ഒരു വീട്...!!

Updated: Jul 21, 2019, 02:19 PM IST
കേരളത്തെ സ്നേഹിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി!!

ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലേറി 5 മാസത്തിന്ശേഷം ഓഗസ്റ്റില്‍ കേരളത്തോട് യാത്ര പറയുമ്പോള്‍ കേരള ഗവര്‍ണറായിരുന്ന ഷീല ദീക്ഷിത് മനസ്സില്‍ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു... കേരളത്തില്‍ ഒരു വീട്...!!

വളരെ ചുരുങ്ങിയ കാലമേ അവര്‍ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കിലും കേരളത്തിനെക്കുറിച്ചുള്ള ഒരുപാട് നല്ല ഓര്‍മ്മകളുമായാണ് അവര്‍ തിരികെ ഡല്‍ഹിയില്‍ എത്തിയത്.

സംസാരപ്രിയരെന്നാണ് മലയാളികളെ ഷീല വിശേഷിപ്പിച്ചിരുന്നത്. അന്യരോടു കാട്ടുന്ന പരിഗണനയാണ് മലയാളികളെ വ്യത്യസ്‌തരാക്കുന്നതെന്നായിരുന്നു അവര്‍ മലയാളികളെപ്പറ്റി അഭിപ്രായപ്പെട്ടിരുന്നത്. സാധാരണ അന്യസംസ്ഥാനക്കാരായ ഗവര്‍ണര്‍മാര്‍ക്ക് ഒറ്റപ്പെടല്‍ കൂട്ടാളിയാണ്. എന്നാല്‍ കേരളത്തില്‍ ഗവര്‍ണറായിരുന്ന ഷീല ദീക്ഷിതിന് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല എന്നവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. കേരളത്തില്‍ അവര്‍ക്ക് രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള നല്ല സുഹൃത്തുക്കളുടെ സാമീപ്യം നേടുവാന്‍ സാധിച്ചിരുന്നു. മലയാളികളുടേത് ശ്രദ്ധേയ സമൂഹമാണെന്നും അവർ വിശേഷിപ്പിച്ചിരുന്നു.

2014 ഓഗസ്റ്റില്‍ കേരളത്തിനോട് വിട പറയുമ്പോള്‍ കേരളത്തില്‍ മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിക്കണമെന്ന അവരുടെ ആഗ്രഹമാണ് സാധിക്കാതെ പോയത്. ഓണം വരെ കേരളത്തിൽ തുടരാനുള്ള അനുവാദം വേണമെന്ന് അവർ രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനായുള്ള ശ്രമം നടത്താമെന്നു രാഷ്‌ട്രപതി ഉറപ്പു നൽകുകയും ചെയ്‌തു. സ്വപ്നം പക്ഷേ യാഥാർഥ്യമായില്ല. 

ചുരുങ്ങിയ കാലം മാത്രമേ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കിലും കേരളത്തെ മുഴുവനായി അറിയാനും ആസ്വദിക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു. കേരളത്തിന്‍റെ തനതു കലകള്‍, സംസ്കാരം, ഭക്ഷണം എല്ലാം അവര്‍ക്ക് പുതുമയായിരുന്നു. മൂന്നാർ, തേക്കടി, ആലപ്പുഴ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും ഷീല സന്ദർശിച്ചിരുന്നു. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയിലും തൃശൂർ പൂരത്തിലും കാഴ്ചക്കാരിയായെത്തി. പൂരത്തിന്‍റെ കുടമാറ്റവും രാത്രി വെടിക്കെട്ടും വേണ്ടുവോളം ആസ്വദിച്ചാണ് അവര്‍ മടങ്ങിയത്. 

കേരള ഗവര്‍ണറായി അധികാരമേല്‍ക്കാന്‍ കേരള സാരിയണിഞ്ഞ് നെറ്റിയില്‍ ചന്ദനകുറിയും തൊട്ടാണ് അവര്‍ എത്തിയത്. മലയാളികളെ അറിയാനും കേരളത്തിന്‍റെ സംസ്കാരവുമായി അടുത്തിടപെഴകാനുമുള്ള അവരുടെ ആഗ്രഹമാണ് ഇത് വെളിവാക്കുന്നത്. അതിലേറെ മലയാളികളോടുള്ള അവരുടെ സ്നേഹവും....