ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസികോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്.   

Updated: Jan 8, 2019, 10:13 AM IST
ഗുജറാത്ത് മുന്‍ എം.എല്‍.എ ട്രെയിനില്‍ വച്ച് വെടിയേറ്റു മരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജയന്തിലാല്‍ ഭാനുശാലിയെ അജ്ഞാതരായ അക്രമികള്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിവെച്ചു കൊന്നു. ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് സായിജി നഗ്‌രി എക്‌സ്പ്രസില്‍ പോകുമ്പോഴായിരുന്നു ആക്രമണം. 

കട്ടാരിയ-സുര്‍ബാരി സ്‌റ്റേഷനുകള്‍ക്ക് മധ്യേവച്ച് തിങ്കളാഴ്ച രാത്രിയാണ് ഫസ്റ്റ് എസികോച്ചിലെ യാത്രക്കാരനായിരുന്ന ഭാനുശാലിക്ക് നേരെ അക്രമികള്‍ നിറയൊഴിച്ചത്. കോച്ചിലെയ്ക്ക് തല്ലി കയറിയ അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു വെന്ന് പ്രമുഖ വര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തലയിലും കണ്ണിലുമാണ് വെടിയേറ്റത്. റെയില്‍വെ അധികാരികള്‍ മാലിയ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. മൃതദേഹം മാലിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് ഈ ക്രിത്യത്തിന് പിന്നില്‍ എന്ന് ഇതുവരെ വ്യക്തമല്ല.

ബലാത്സംഗ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയന്തിലാല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. സൂറത്തിലെ ഒരു കോളജിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയന്തിലാല്‍ രാജിവെച്ചത്.