ഝാര്‍ഖണ്ഡ് പാഠമായി;ഡല്‍ഹിയില്‍ ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പം

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപെട്ട് അധികാരത്തിന് പുറത്തായ ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യുണൈറ്റഡ്) ,ലോക് ജന ശക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. 

Updated: Jan 21, 2020, 07:37 PM IST
ഝാര്‍ഖണ്ഡ് പാഠമായി;ഡല്‍ഹിയില്‍ ബിജെപി സഖ്യകക്ഷികള്‍ക്കൊപ്പം

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപെട്ട് അധികാരത്തിന് പുറത്തായ ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യുണൈറ്റഡ്) ,ലോക് ജന ശക്തി പാര്‍ട്ടി എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. 

ജെഡിയുവിന് രണ്ടും എല്‍ജെപി ക്ക് ഒരു സീറ്റുമാണ് നല്‍കിയിട്ടുള്ളത്.ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലോക്ജനശക്തി പാര്‍ട്ടിയുമായി സഖ്യത്തിന് ബിജെപി തയ്യാറായില്ല.മാത്രമല്ല ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ യുമായി സഖ്യത്തിലായിരുന്ന ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡെന്റ്സ് യുണിയനുമായുള്ള സഖ്യം ബിജെപി തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

 ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് ശേഷം ബിജെപി സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്ന സമീപനമാണ് സ്വീകരിക്കുന്നത്.അതിന്‍റെ ഭാഗമായാണ് ഡല്‍ഹിയില്‍ ജെഡിയു വിനും എല്‍ജെപിക്കും സീറ്റുകള്‍ അനുവദിച്ചത്.ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തന കേന്ദ്രം ബീഹാറാണ്. ഡല്‍ഹിയില്‍ പൂര്‍വാഞ്ചല്‍,ബീഹാറി വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്.

ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും അധികാരം പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ബിജെപി,അതുകൊണ്ട് തന്നെ ഇക്കുറി ഘടകകക്ഷികളെ കൂടെ കൂട്ടുന്നതില്‍ ബിജെപിയും സന്നദ്ധമായിരുന്നു.എന്നാല്‍ അകാലിദള്‍,ജെജെപി എന്നീ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.നേരത്തെ ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തയ്യാറെടുത്തതാണ് എന്നാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപി യുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകാലിദള്‍ ഡല്‍ഹിയില്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഹരിയാനയില്‍ ബിജെപിക്കൊപ്പം അധികാരത്തിലിരിക്കുന്ന ജെജെപി ഹരിയാന അതിര്‍ത്തിയിലെ മണ്ഡലങ്ങളിലാണ് മത്സരിക്കാന്‍ തയ്യാറെടുത്തത്.എന്നാല്‍ പാര്‍ട്ടി അവശ്യപെട്ട ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും സ്വന്തമാക്കിയ ബിജെപി ആ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്ന പൂര്‍വാഞ്ചല്‍ സമൂഹത്തെ ഒപ്പം നിര്‍ത്തിയാല്‍ തങ്ങള്‍ക്ക് നെട്ടമുണ്ടാക്കമെന്നാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തിയതിലൂടെ വോട്ട് വിഭജിച്ച് പോകുന്നത് തടയുന്നതിനും ബിജെപി ശ്രമിക്കുകയാണ്.എന്തായാലും കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലെക്കാള്‍ സ്ഥിതി മെച്ചപെടുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഡല്‍ഹി ഘടകം.