വായു മലിനീകരണം: ജിലേബിയാണ് പ്രശ്നമെങ്കില്‍ ഒഴിവാക്കാം -ഗംഭീര്‍

ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ജിലെബിയാണ് കാരണമെങ്കില്‍ അത് ഒഴിവാക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൌതം ഗംഭീര്‍!

Sneha Aniyan | Updated: Nov 18, 2019, 05:49 PM IST
വായു മലിനീകരണം: ജിലേബിയാണ് പ്രശ്നമെങ്കില്‍ ഒഴിവാക്കാം -ഗംഭീര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിന് ജിലെബിയാണ് കാരണമെങ്കില്‍ അത് ഒഴിവാക്കാമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൌതം ഗംഭീര്‍!

വായു മലിനീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഗംഭീറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഈ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈസ്റ്റ് ഡെല്‍ഹി എംപിയായ ഗംഭീര്‍.

'എന്‍റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം'' ഗംഭീര്‍ പറഞ്ഞു.

ഉന്നതതല യോഗത്തിന്‍റെ സമയത്ത് ഗംഭീർ കൂട്ടുകാർക്കൊത്ത് ജിലേബി കഴിച്ച് തമാശ പങ്കിടുന്ന ചിത്രങ്ങൾ പുറത്തുവന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

ജനങ്ങൾ വായുമലിനീകരണത്തിൽ പൊറുതിമുട്ടുമ്പോൾ അവരുടെ എംപി ജിലേബി ആസ്വദിക്കുന്നുവെന്നായിരുന്നു ആംആദ്മി നേതാക്കൾ ആരോപിച്ചത്. എംപിയുടെ നിരുത്തരവാദത്തിന്‍റെ ഉദാഹരണമാണിതെന്നും ആംആദ്മി കുറ്റപ്പെടുത്തിയിരുന്നു.

കൂട്ടുകാർക്കൊപ്പമുള്ള ഗൗതം ഗംഭീറിന്റെ ചിത്രം മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണാണ് പുറത്തുവിട്ടത്. ‘ഷെയിം ഓൺ യു ഗൗതം’ എന്ന പേരിൽ ട്വിറ്ററിൽ ഹാഷ് ടാഗ് പ്രതിഷേധവും നടക്കുന്നുണ്ട്.

യോഗത്തിനെത്താതിരുന്ന ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ലമെന്‍ററി സമിതിയില്‍ അംഗങ്ങളായ 28 എംപിമാരില്‍ നാലുപേര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. 

ജനപ്രതിനിധികള്‍ക്കു പുറമെ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിനെത്തിയില്ല.

എന്നാല്‍, പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനങ്ങള്‍ വിലയിരുന്നതെന്നും അല്ലാതെ പ്രാചരണങ്ങളിലൂടെയല്ലെന്നുമാണ് വിമര്‍ശനങ്ങളോട് ഗംഭീര്‍ ആദ്യം പ്രതികരിച്ചത്. 

ഇതിനിടെ ഗംഭീറിനെ കാണാനില്ലെന്ന തരത്തില്‍ ഡല്‍ഹിയിലൊട്ടാകെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.