കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ബിജെപിക്കൊപ്പം അണിചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനമറിയിച്ചു.  

Last Updated : Jul 11, 2019, 09:50 AM IST
കര്‍ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പനാജി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിന് പിന്നാലെ ഗോവയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ 10 എംഎല്‍എമാരും ഇന്നലെ ബിജെപിയിലേക്ക് ചേര്‍ന്നു.

 

 

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ദ് കാവേല്‍ക്കറുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം സ്പീക്കറെ കണ്ട് അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്.

ബിജെപിക്കൊപ്പം അണിചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനമറിയിച്ചു. കോണ്‍ഗ്രസ്‌ വിട്ട എംഎല്‍എമാര്‍ ഇന്ന് ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

 

 

ഉപാധികളൊന്നും കൂടാതെയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നതെന്നും സംസ്ഥാനത്തിന്റെയും  പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റേയും  വികസനത്തിനായാണ് ഇവര്‍ ബിജെപിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ബിജെപിയിലെത്തിയ ശേഷം പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവേല്‍ക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 15 എംഎല്‍എമാരും ബിജെപിക്ക് 17 എംഎല്‍എമാരുമാണുള്ളത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കൂടി ചേരുമ്പോള്‍ ബിജെപിയുടെ അംഗസഖ്യ 27 ആകും. അംഗസംഖ്യ 21 കടക്കുന്നതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും.

മാത്രമല്ല മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും പാര്‍ട്ടി വിടുന്നതിനാല്‍ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയില്‍ വിഷയം വരില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Trending News