മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വസതിയ്ക്ക് മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി 

Last Updated : Nov 21, 2018, 11:43 AM IST
മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

പനാജി: സംസ്ഥാനത്ത് "ഭരണ പുനഃസ്ഥാപനത്തിനായി ജനകീയ മാർച്ച്" നടത്തി പ്രതിപക്ഷം.  

സംസ്ഥാനത്ത് മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വസതിയ്ക്ക് മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നു. 

അസുഖബാധിതയായി വീട്ടില്‍ വിശ്രമിക്കുന്ന പരീക്കര്‍ 48 മണിക്കൂറിനകം രാജി വയ്‌ക്കണമെന്നും സംസ്ഥാനത്ത് ഭരണം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു സമരക്കാര്രുടെ ആവശ്യം. നൂറോളം വരുന്ന സംഘമാണ് വസതിയിലേക്ക് മാര്‍ച്ച്‌ ചെയ്‌തത്. കോണ്‍ഗ്രസ്,​ എന്‍.സി.പി,​ ശിവസേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തിന് അണിചേര്‍ന്നിരുന്നു. 

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. ഒമ്പത് മാസത്തിലേറിയായി മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു. ഒരു കിലോമീറ്ററോളം മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ 
മുഖ്യമന്ത്രിയുടെ വീടിന്‍റെ 100 മീറ്റര്‍ അകലെ മാര്‍ച്ച് പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചില ഉദ്യോഗസ്ഥരും ചില പ്രത്യേക താത്പര്യമുള്ള നേതാക്കളുമാണ് സംസ്ഥാനത്തിന്‍റെ ഭരണം നടത്തുന്നതെന്നുമാണ് സമരക്കാരുടെ ആരോപണം.

ഇതിനിടെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോ​ഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോ​ഗിക റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹം മെച്ചപ്പെട്ട ആരോ​ഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സർക്കാരിന്‍റെ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, നേതൃമാറ്റവുമായി ബന്ധപ്പെട്ട്, ഇന്നല്ലെങ്കില്‍ നാളെ ഗോവയില്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക് അഭിപ്രായപ്പെട്ടിരുന്നു. 

കഴിഞ്ഞ കുറേ മാസങ്ങളായി പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയില്‍ നടന്ന വിദഗ്ധ ചികിത്സയ്ക്കുശേഷം അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനാണ് പരീക്കര്‍ ഗോവയിലെത്തുന്നത്. 

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്തത്.

 

Trending News