കാമുകിയുടെ ചെലവ് താങ്ങുന്നില്ല; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ഡല്‍ഹി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

Updated: Oct 11, 2018, 01:19 PM IST
കാമുകിയുടെ ചെലവ് താങ്ങുന്നില്ല; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാമുകിയുടെ അമിതമായ ചെലവ് താങ്ങാനാകാതെ മോഷണം നടത്തിയ ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ഹരിയാനയിലെ അമ്പാല ജില്ലയിലെ ഗര്‍വീത് സാഹ്നിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഡല്‍ഹി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇയാളുടെ കൈയ്യില്‍ നിന്നും 3000 രൂപയും കണ്ടെടുത്തു.

സെപ്റ്റംബർ 11ന് ഐ ബി എം സംഘടിപ്പിച്ച കോണ്‍ഫറന്‍സിനിടെ ദേവ്യാനി ജയിന്‍ എന്നയാളുടെ ബാഗില്‍ നിന്ന് 10,000 രൂപ മോഷണം പോകുകയായിരുന്നു. തുടർന്ന് ജയിൻ പൊലീസിൽ പരതി നൽകുകയും ചെയ്തു. പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.

അന്വേഷണത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഗര്‍വീത് സഞ്ചരിച്ച ടാക്സി കാറും നമ്പറും പൊലീസ് കണ്ടെത്തുകയായിരുന്നു. മാത്രമല്ല, കോണ്‍ഫറന്‍സിന് ക്ഷണിച്ചവരുടെ പട്ടികയില്‍ നിന്ന് പോലീസ് ആളെ ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു.

തുടർന്ന് ടാക്സി കാര്‍ ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോണ്‍നമ്പറില്‍ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ കാർ ബുക്ക് ചെയ്ത ഫോൺ നമ്പർ സ്വിച്ച് ഓഫായത് പൊലീസിനെ പ്രതിസന്ധിയിൽ ആഴ്ത്തുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ​ഗർവീതിന്‍റെ പുതിയ നമ്പർ കണ്ടെത്തുകയും ഇതിനെ പിന്തുടർന്ന പൊലീസ് വീട്ടില്‍ വെച്ച് ഗര്‍വീതിനെ പിടികൂടുകയായിരുന്നു. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും കാമുകിയുടെ ചെലവ് താങ്ങാന്‍ പോലും കഴിയുന്നില്ലെന്നും അതു കൊണ്ടാണ് മോഷണം നടത്തിയതെന്നും ​ഗർവീത് പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മധുര്‍ വര്‍മ്മ പറഞ്ഞു.