'ഗുഡിയ' അനുഭവിച്ചത് അതിക്രൂര പീഡനം; പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 30ന്!!

ഗുഡിയ ബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി!

Updated: Jan 18, 2020, 08:19 PM IST
'ഗുഡിയ' അനുഭവിച്ചത് അതിക്രൂര പീഡനം; പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി 30ന്!!

ന്യൂഡല്‍ഹി: ഗുഡിയ ബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി!

പ്രതികള്‍ക്ക് ഡല്‍ഹി കര്‍ക്കര്‍ടൂമാ പോക്‌സോ കോടതി  ജനുവരി 30 ന് ശിക്ഷ വിധിക്കും. മനോജ് ഷാ, പ്രദീപ് കുമാര്‍ എന്നീ പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

നമ്മുടെ സമൂഹത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ദേവതയായി ആരാധിക്കാറുണ്ട്, എന്നാൽ ഗുഡിയ കേസില്‍ ഇരയായ കുട്ടി അതി ക്രൂര പീഡനത്തിനാണ് ഇരയായത്. -കോടതി വിലയിരുത്തി. 

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും കോടതി വ്യക്തമാക്കി. നിര്‍ഭയ ബലാത്സംഗ കേസിന് നാല് മാസങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്ത ഗുഡിയ സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.  

മാധ്യമങ്ങള്‍ 'ഗുഡിയ' എന്ന് പെണ്‍ക്കുട്ടിയ്ക്ക് പേരിടുകയും പിന്നീട് അത് ഗുഡിയ ബലാത്സംഗ കേസ് എന്ന് അറിയപ്പെടുകയുമായിരുന്നു. 

ഡല്‍ഹിയില്‍ 2013ലാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു അഞ്ച് വയസുകാരിയായ ഗുഡിയയുടെ വീടും. 

സംഭവശേഷം മരിച്ചെന്ന് കരുതി കുട്ടിയെ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. ഏപ്രില്‍ 15ന് കാണാതായ പെണ്‍ക്കുട്ടിയെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കണ്ടെത്തിയത്. 

കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കളോട് 'സ്വയം അന്വേഷിച്ച് കണ്ടെത്തൂ' എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും ആ സമയത്ത് ആരോപണം ഉയര്‍ന്നിരുന്നു. 

ക്രൂര പീഡനത്തിന് ഇരയായ കുട്ടിയെ കണ്ടെത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്ന് ശാസ്ത്രക്രിയകള്‍ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു. 

പ്രതികളായ മനോജ്‌ ഷായെയും പ്രദീപ്‌ കുമാറിനെയും യഥാക്രമം ബീഹാറിലെ മുസാഫർപൂർ, ദർഭംഗ എന്നിവിടങ്ങളിൽ നിന്നായാണ് പോലീസ് പിടികൂടിയത്. 

2013 മെയ് 24 ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 57 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. വിചാരണ പൂര്‍ത്തിയായതിലും നീതി ലഭിച്ചതിലും സന്തോഷമുണ്ടെന്ന് ഗുഡിയയുടെ പിതാവ് പ്രതികരിച്ചു.  

നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് പ്രതികള്‍. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യാനായി കര്‍ക്കര്‍ടൂമോ കോടതിയിലെത്തിയ  മാധ്യമപ്രവര്‍ത്തകരെ പ്രതികളില്‍ ഒരാള്‍ കയ്യേറ്റം ചെയ്തു.