പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് ഇന്ന്‍ രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ കാണുവാന്‍ കഴിഞ്ഞത്. 

Sheeba George | Updated: Dec 4, 2019, 06:18 PM IST
പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

ന്യൂഡല്‍ഹി: തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് ഇന്ന്‍ രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ കാണുവാന്‍ കഴിഞ്ഞത്. 

ഒരു വ്യക്തി പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് ഓടിക്കയറി വരുന്ന കാഴ്ചയായിരുന്നു അത്. മാധ്യമപ്രവര്‍ത്തകരേയും മറ്റുള്ള നേതാക്കളേയും വകഞ്ഞ് മാറ്റി ഓടി വരുന്നത് ആരാണെന്ന്‍ സുരക്ഷാ ജീവനക്കാരും ആകാംഷയോടെ ശ്രദ്ധിച്ചു

എന്നാല്‍, ഓടിക്കയറി വരുന്ന ആളെ കണ്ട് ചുറ്റുമുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി!! കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റേതായിരുന്നു രസകരമായ ഈ ഓട്ടം... 

പാര്‍ലമെന്‍റില്‍ വൈകിയെത്തിയ ഗോയല്‍, കാറില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ മറ്റൊന്നും നോക്കാതെ പാര്‍ലമെന്‍റ് മന്ദിരത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. കയ്യില്‍ ഒരു ഫയലുമായി ഓടിവരുന്ന മന്ത്രിയുടെ ചിത്രം മാധ്യമപ്രവര്‍ത്തകരും പകര്‍ത്തി.

പാര്‍ലമെന്‍റില്‍ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുന്‍പ് എത്തിച്ചേരാനായിരുന്നു മന്ത്രിയുടെ ഓട്ടം. രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ഗോയല്‍ പാര്‍ലമെന്‍റില്‍ എത്തിയത്. എന്നാല്‍ പാര്‍ലമെന്‍റില്‍ എത്താന്‍ താമസിച്ചെന്ന് മനസിലാക്കിയാണ് തിടുക്കത്തില്‍ ഓടിക്കയറിയത്. പാര്‍ലമെന്‍റില്‍ എം.പിമാര്‍ കൃത്യസമയം പാലിക്കണമെന്ന നിര്‍ദേശം നേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

അതേസമയം, മന്ത്രിയുടെ ഓട്ട൦ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. മന്ത്രിയ്ക്ക് "ബുള്ളറ്റ് ട്രെയിന്‍" എന്ന പേരായിരുന്നു പലരും നല്‍കിയത്. റെയില്‍വേ മന്ത്രിയായതുകൊണ്ടായിരുന്നു പലരും ഈ പേരില്‍ തന്നെ മന്ത്രിയെ ട്രോളിയത്!!

അതേസമയം, റെയില്‍വേ വകുപ്പിന് പറ്റിയ മന്ത്രിയാണെന്നും ബുള്ളറ്റ് ട്രെയിന്‍ പോലെ പായുന്നത് അതുകൊണ്ടാണെന്നുമായിരുന്നു ചിലര്‍ ട്വീറ്ററില്‍ കുറിച്ചത്. കോളേജില്‍ നേരം വൈകുന്ന അവസരങ്ങളില്‍ ഇങ്ങനെയായിരുന്നു ഓടിയതെന്നും പറഞ്ഞാണ് ചില ട്രോളുകള്‍.