ബ്രാഹ്മണ മേധാവിത്വത്തെ വിമര്‍ശിച്ചു, അഭിഭാഷകനായ ദളിത് നേതാവിനെ കൊലപ്പെടുത്തി

സോഷ്യല്‍ മീഡിയയിലൂടെ   ബ്രാഹ്‌മണര്‍ക്കെതിരെ  വിമര്‍ശനം ഉന്നയിച്ച ദളിത്  അഭിഭാഷകനെ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ചിലാണ് സംഭവം.

Last Updated : Sep 27, 2020, 03:44 PM IST
  • സോഷ്യല്‍ മീഡിയയിലൂടെ ബ്രാഹ്‌മണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ദളിത് അഭിഭാഷകനെ കുത്തിക്കൊന്നു.
  • പ്രമുഖ ദളിത് ആക്ടിവിസ്റ്റ് കൂടിയായ ദേവ്ജി മഹേശ്വരി എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്
  • ഗുജറാത്തിലെ കച്ചിലാണ് സംഭവം
ബ്രാഹ്മണ മേധാവിത്വത്തെ  വിമര്‍ശിച്ചു,  അഭിഭാഷകനായ ദളിത് നേതാവിനെ കൊലപ്പെടുത്തി

Ahmedabad: സോഷ്യല്‍ മീഡിയയിലൂടെ   ബ്രാഹ്‌മണര്‍ക്കെതിരെ  വിമര്‍ശനം ഉന്നയിച്ച ദളിത്  അഭിഭാഷകനെ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ചിലാണ് സംഭവം.

പ്രമുഖ  ദളിത്  (Dalit) ആക്ടിവിസ്റ്റ് കൂടിയായ ദേവ്ജി മഹേശ്വരി എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ സംഘടനയിലെ മുതിര്‍ന്ന അംഗമായ അദ്ദേഹം ആള്‍ ഇന്ത്യാ ബാക്ക്‌വാഡ് ആന്‍റ് മൈനോരിറ്റി കമ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.  

ബ്രാഹ്മണ മേധാവിത്വത്തെ വിമര്‍ശിച്ച്‌  ഫേസ് ബുക്കില്‍ പോസ്റ്റിട്ടതാണ് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണം.   വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിന്നാക്കക്കാരും ദളിതരും പോലുളള സമുദായങ്ങള്‍ ഹിന്ദുക്കളല്ലെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം ദേവ്ജി പോസ്റ്റ് ചെയ്തത്. 

അതേസമയം. കൊലയാളി എന്ന് പോലീസ് സംശയിക്കുന്ന  റാവല്‍ എന്നയാളെയും അയാളുടെ അഞ്ച് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് ദേവ്ജിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ ഗുജറാത്തിലെത്തിയത്. വെള്ളിയാഴ്ച റാവല്‍, ദേവ്ജിയെ അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് പിന്തുടരുന്ന വീഡിയോ പോലീസിന്  ലഭിച്ചിട്ടുണ്ട്. കുറച്ചുകഴിയുമ്പോള്‍ അയാള്‍ തിരികെ ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1989 ലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.

മുംബൈയില്‍  വ്യാപാരം നടത്തുകയാണ് കച്ച്‌ സ്വദേശിയായ റാവല്‍. പോസ്റ്റുകള്‍ക്കെതിരെ മഹേശ്വരിക്ക് ഇയാള്‍ പല തവണ മുന്നറിയിപ്പു നല്‍കിയിരുന്നതായി പോലീസ്  പറയുന്നു. കൂടാതെ, പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകന്‍റെ കൊലപാതകത്തിനെതിരേ പ്രദേശത്ത് വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.  സംഭവത്തോടനുബന്ധിച്ച് ഒന്‍പത് പേരുടെ പേരുകള്‍ മഹേശ്വരിയുടെ ബന്ധുക്കള്‍ പോലീസിന്  കൈമാറിയിട്ടുണ്ട്. ഇവരെയെല്ലാം അറസ്റ്റ് ചെയ്താലേ അദ്ദേഹത്തിന്‍റെ മൃതദേഹം സ്വീകരിക്കൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.

Also read: കശ്മീരിൽ അഭിഭാഷകൻ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

കൊലപാതകത്തില്‍ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി (Jigneh Mewani)  പ്രതിഷേധിച്ചു. നീതിക്കായി പ്രതിഷേധിക്കുന്ന അദ്ദേഹത്തിന്‍റെ ഭാര്യയുടെ വീഡിയോ എംഎല്‍എ  ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.  . ഇവരാണ് എന്‍റെ ഹീറോ എന്ന തലക്കെട്ടോടെയാണ്  പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന അഭിഭാഷകന്‍റെ  ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തിരി ക്കുന്നത്.

അതേസമയം, കൊലപാതകത്തിനു പിന്നില്‍ ഭൂമിത്തര്‍ക്കമാണെന്ന വാദവും ചില വിഭാഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ആരോപണവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Trending News