ഗുജറാത്തിൽ ബിജെപിയ്ക്ക് അടിപതറുന്നു; കൂടുതല്‍ ശക്തനായി നിതിന്‍ പട്ടേല്‍

ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയും വിജയം നേടിയ  ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. 

Updated: Dec 31, 2017, 11:46 AM IST
ഗുജറാത്തിൽ ബിജെപിയ്ക്ക് അടിപതറുന്നു; കൂടുതല്‍ ശക്തനായി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയും വിജയം നേടിയ  ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ച് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. 

മന്ത്രിസഭാ രൂപീകരണത്തിൽ അപ്രധാനവകുപ്പുകൾ നൽകിയെന്ന പരാതി ഉന്നയിച്ച നിതിൻ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സർദാർ പട്ടേൽ ഗ്രൂപ്പ് (എസ്പിജി) കൺവീനർ ലാൽജി പട്ടേലും രംഗത്തെത്തിയതോടെ ഗുജറാത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.

പട്ടേലിന്‍റെ മണ്ഡലമായ മെഹ്‌സാനയിൽ പുതുവർഷ ദിനത്തിൽ ബന്ദ് ആചരിക്കാനുള്ള നീക്കത്തിലാണ് ലാൽജി പട്ടേൽ. നിതിൻ പട്ടേലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുമെന്നും ലാൽജി പട്ടേൽ മുന്നറിയിപ്പു നൽകി. അനുയായികളോടൊപ്പം നിതിൻ പട്ടേലിനെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് ലാൽജി പട്ടേൽ മെഹ്സാനയിൽ ബന്ദ് പ്രഖ്യാപിച്ചത്.

ബിജെപി വിട്ട് തങ്ങൾക്കൊപ്പം വരാൻ പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേലും കോൺഗ്രസും ക്ഷണിച്ചതിനു പിന്നാലെയാണ് നിതിൻ പട്ടേലിന് പിന്തുണയുമായി ലാൽജിയുടെ രംഗപ്രവേശം. 

നിതിൻ പട്ടേലിനോട് ബിജെപി ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് ലാൽജി പട്ടേൽ ചൂണ്ടിക്കാട്ടി. നിലവിൽ ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനായ ആൾ നിതിൻ പട്ടേലാണെന്ന്‍ പ്രഖ്യാപിച്ച ലാൽജി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാത്തതില്‍ ഗുജറാത്തിലെ ജനങ്ങൾക്ക്കടുത്ത അമർഷവുമുണ്ടെന്നും സൂചിപ്പിച്ചു.

ഹാർദിക് പട്ടേലിനൊപ്പം പട്ടേൽ സംവരണ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ലാൽജി.