ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, മെയ് 10 ന് പുലർച്ചെ ഹരിയാനയിലെ സിർസയ്ക്ക് മുകളിൽ വെച്ച് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈലായ ഫത്താ-II, പ്രതിരോധ സേന തടഞ്ഞുനിർത്തി തകർത്തു. മിസൈൽ ഡൽഹിയെ ലക്ഷ്യമാക്കിയുള്ളതാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇന്ത്യയുടെ ബരാക്-8 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഫത്താ-IIനെ നിർവീര്യമാക്കി. പാകിസ്ഥാന്റെ വികസിച്ചുകൊണ്ടിരിക്കുന്ന മിസൈൽ ശേഖരത്തിലെ ഒരു ഘടകം മാത്രമാണ് ഫത്താ-II. പാക്കിസ്ഥാന് ഹ്രസ്വ, മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുണ്ട്. എന്നാൽ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ സംവിധാനമില്ല. പാകിസ്ഥാന്റെ ആയുധപ്പുരയിലെ പ്രധാന മിസൈലുകളെക്കുറിച്ച് നോക്കാം.
ഫത്താ-II: ഏകദേശം 400 കിലോമീറ്റർ പ്രഹരപരിധിയുള്ള ഒരു ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലാണിത്. ശത്രു പ്രദേശത്തിന്റെ ലക്ഷ്യങ്ങളെ തകർക്കാൻ ഇതിന് കഴിയും. പരമ്പരാഗത പേലോഡുകളോ കുറഞ്ഞ ശക്തിയുള്ള ആണവ വാർഹെഡുകളോ ഇതിന് വഹിക്കാൻ കഴിയും.
ഷഹീൻ-III: പാകിസ്ഥാന്റെ ദീർഘദൂര മിസൈലുകളിലൊന്നാണ് ഷഹീൻ-III. 2,750 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ഈ മിസൈൽ കരയിൽ തൊടുക്കാവുന്ന മിസൈലാണ്. മുംബൈയും ഡൽഹിയുമടക്കം ഇന്ത്യയുടെ ഏത് ഭാഗത്തും ഈ മിസൈലിന് എത്താനാകും.
ഘൗരി-II: 2,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള ഘൗരി-II, മുമ്പത്തെ ഘൗരി-I ന്റെ നവീകരിച്ച പതിപ്പാണ്. ആണവ അല്ലെങ്കിൽ പരമ്പരാഗത പോർമുനകൾ വഹിക്കാൻ കഴിവുള്ള ഇത്, ഉത്തരകൊറിയയുടെ നോഡോംഗ് മിസൈൽ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ബാബർ-3: പാകിസ്ഥാന്റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലാണിത്. ഏകദേശം 450 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഇതിന് കഴിയും. സെക്കൻഡ്-സ്ട്രൈക്ക് ന്യൂക്ലിയർ ശേഷിയുള്ള ഇവ 2017 ൽ വെള്ളത്തിനടിയിലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.
അബ്ദാലി (ഹാത്ഫ്-II): തന്ത്രപരമായ ലക്ഷ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന അബ്ദാലി, 200-300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു ഹ്രസ്വ-ദൂര ഉപരിതല മിസൈലാണ്. ഇതിന് 500 കിലോഗ്രാം വരെ ഭാരമുള്ള ആണവ പോർമുനകൾ വഹിക്കാൻ കഴിയും.
ഗസ്‌നവി (ഹാറ്റ്ഫ്-III): ഏകദേശം 290-320 കിലോമീറ്റർ ആക്രമണ പരിധിയുള്ള ഗസ്‌നവി, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതും ദ്രുത വിക്ഷേപണത്തിനായി ഖര ഇന്ധനം ഉപയോഗിച്ചുള്ളതുമാണ്. അബ്ദാലിയുടെ പോർമുനകൾക്ക് സമാനമായ ശേഷിയുള്ള വാർഹെഡുകൾ ഇത് വഹിക്കുന്നു.
നാസർ (ഹാറ്റ്ഫ്-IX): തന്ത്രപരമായ പങ്ക് വഹിക്കുന്ന ഒരു യുദ്ധക്കള ആയുധമായ നാസർ മിസൈലിന് 70 കിലോമീറ്റർ വരെ ഹ്രസ്വ ദൂരമുണ്ട്. അടുത്തുള്ള പോരാട്ട സാഹചര്യങ്ങളിൽ കുറഞ്ഞ ശക്തിയുള്ള ആണവ പോർമുനകൾ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന പങ്ക്.
ഹർബ: കപ്പൽ അധിഷ്ഠിത ക്രൂയിസ് മിസൈലാണ് ഹർബ, 300-450 കിലോമീറ്റർ വരെ പ്രഹരശേഷിയുണ്ടിതിന്. ഇത് പാകിസ്ഥാന്റെ നാവിക ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നു.
സർബ്: പാകിസ്ഥാൻ തീരത്തേക്ക് അടുക്കുന്ന ശത്രു കപ്പലുകളെ ലക്ഷ്യമിടാൻ രൂപകൽപ്പന ചെയ്ത ഒരു തീരദേശ പ്രതിരോധ മിസൈലാണ് സർബ്. ഇതിന്റെ ഏകദേശ പരിധി 280-300 കിലോമീറ്ററാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









