താന്‍ കോണ്‍ഗ്രസ് വക്താവല്ല, മാപ്പ് പറയില്ല: ശശി തരൂര്‍

ദീന്‍ ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ താന്‍ വായിച്ചതാണെന്നും അതില്‍ പറയുന്നപോലെ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഹിന്ദു തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ഇന്ത്യയുടേതെന്നും തരൂര്‍ ആവര്‍ത്തിച്ചു. ആലോചിച്ചും ചിന്തിച്ചുമാണ് മറുപടി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Updated: Jul 12, 2018, 06:38 PM IST
താന്‍ കോണ്‍ഗ്രസ് വക്താവല്ല, മാപ്പ് പറയില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഹിന്ദുരാഷ്ട്ര സങ്കല്‍പം 'ഹിന്ദു പാക്കിസ്ഥാന്‍' നയമാണെന്ന നിലപാടില്‍ ഉറച്ച ശശി തരൂര്‍ എംപി, താന്‍  മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും താനൊരു കോണ്‍ഗ്രസ് വക്താവല്ലെന്നും വ്യക്തമാക്കി.

'ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും, ലോക്സഭ, രാജ്യസഭ എന്നിവിടങ്ങളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ബിജെപി ഭരണഘടന തിരുത്തും. ഞാനിത് കുറച്ചു വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. ഭരണഘടന തന്‍റെ വിശുദ്ധ പുസ്തകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് ആത്മാര്‍ത്ഥമായല്ല'. തരൂര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

ദീന്‍ ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ താന്‍ വായിച്ചതാണെന്നും അതില്‍ പറയുന്നപോലെ മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ ഹിന്ദു തത്വങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയാകും ഇന്ത്യയുടേതെന്നും തരൂര്‍ ആവര്‍ത്തിച്ചു. ആലോചിച്ചും ചിന്തിച്ചുമാണ് മറുപടി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഭരണത്തെക്കുറിച്ച് തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നേതാക്കള്‍ വാക്കുകളില്‍ നിയന്ത്രണവും ജാഗ്രതയും പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സുര്‍ജേവാല സൂചിപ്പിച്ചു.

തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങില്‍ 'ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയപ്പോഴാണ് തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്ത് മുസ്ലിമിനേക്കാളും സുരക്ഷിതത്വം പശുവിനാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും പ്രഭാഷണത്തിനിടെ  തരൂര്‍ വ്യക്തമാക്കിയിരുന്നു.