close

News WrapGet Handpicked Stories from our editors directly to your mailbox

രാഹുല്‍ എവിടെ മത്സരിക്കും? മൂന്ന് സംസ്ഥാനങ്ങള്‍ പ്രതീക്ഷയില്‍!!!

ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതിനൊപ്പം രണ്ടാം സീറ്റ് ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 

Updated: Mar 26, 2019, 05:26 PM IST
രാഹുല്‍ എവിടെ മത്സരിക്കും? മൂന്ന് സംസ്ഥാനങ്ങള്‍ പ്രതീക്ഷയില്‍!!!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതിനൊപ്പം രണ്ടാം സീറ്റ് ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കും എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. അത് നാളെ അറിയാം എന്നാണ് പ്രതീക്ഷ.  അപ്പോള്‍  അത് ഏത് സംസ്ഥാനത്തെ മണ്ഡലമാണ് എന്നാണ് അറിയാനുളളത്. 

രാഹുല്‍ കര്‍ണാടക തിരഞ്ഞെടുത്തേക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്തായാലും കേരളവും, കര്‍ണാടകയും, തമിഴ്‌നാടും രാഹുലിന്റെ വരവിന് വേണ്ടി മുറവിളി കൂട്ടുകയാണ്. സ്ഥിരം സീറ്റായ അമേത്തിക്ക് പുറമേ മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുക എന്ന താല്‍പര്യം തുടക്കത്തില്‍ രാഹുലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് രാഹുല്‍ ആ നിലപാട് മാറ്റാനും തയ്യാറായി.

ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് നിന്നും മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഈ മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കും. ഇത് കണക്കിലെടുത്താണ് രണ്ടാം സീറ്റെന്ന സാധ്യത രാഹുല്‍ പരിഗണിക്കുന്നത്.

രാഹുലിനെ സ്വാഗതം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ തമിഴ്‌നാടുമുണ്ടെങ്കിലും കര്‍ണാടകത്തിനോടും കേരളത്തിനോടുമാണ് രാഹുലിന് കൂടുതല്‍ താല്‍പര്യം എന്നാണ് സൂചന. ഇതില്‍ തന്നെ രാഹുല്‍ ഗാന്ധി കര്‍ണാടക തിരഞ്ഞെടുക്കും എന്നും വാര്‍ത്തയുണ്ട്. കാരണം രാഹുലിനെ ആദ്യം മത്സരിക്കാന്‍ ക്ഷണിച്ച സംസ്ഥാനം കര്‍ണാടകയാണ് എന്നതാണ്.

തമിഴ്‌നാട് രാഹുലിനായി മാറ്റിവെച്ചത് ശിവഗംഗ സീറ്റായിരുന്നു. പിസിസി അധ്യക്ഷന്‍ കെഎസ് അഴഗിരി ഇക്കാര്യം ഉന്നയിച്ച്‌ കേന്ദ്ര നേതാക്കളെ കാണുകയുമുണ്ടായി. സൗത്ത് ബംഗളൂരുവാണ് കര്‍ണാടക രാഹുലിന് വേണ്ടി പരിഗണിച്ച സീറ്റുകളിലൊന്ന്. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇവിടേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ കഴിഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉളള ഏതെങ്കിലും മണ്ഡലമാവും രാഹുല്‍ തിരഞ്ഞെടുക്കുക എന്ന് ദിനേശ് ഗുണ്ട്‌റാവു പ്രതികരിച്ചു. രാഹുലിന് താല്‍പര്യമുളള ഏത് സീറ്റിലും മത്സരിക്കാം. ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കഴിഞ്ഞ ഏതെങ്കിലും സീറ്റിലാണ് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമെങ്കില്‍ ആ സീറ്റ് ഒഴിഞ്ഞ് നല്‍കാനും തയ്യാറാണ് എന്നും കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. 

1999ല്‍ സോണിയ ഗാന്ധി മത്സരിച്ച ബെല്ലാരിയില്‍ തന്നെ രാഹുല്‍ മത്സരിക്കണം എന്ന ആവശ്യം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. റായ്ബറേലിക്ക് പുറമേ രണ്ടാം മണ്ഡലമായാണ് ബെല്ലാരി സോണിയ തിരഞ്ഞെടുത്ത്. അന്ന് ബിജെപിയുടെ സുഷമ സ്വരാജിനെ ആണ് സോണിയ തോല്‍പ്പിച്ചത്. 

എന്തായാലും നാളെയെങ്കിലും രാഹുല്‍ ഗാന്ധി രണ്ടാമതൊരു സീറ്റ് തിരഞ്ഞെടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എവിടെ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും എന്ന് പ്രതീക്ഷിക്കാം.