ജയലളിതയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അര്‍ദ്ധരാത്രി ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ നാടകീയ റെയ്ഡ്. ഇന്നലെ രാത്രി 9.30ഓടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ 2.30 വരെ നീണ്ടു. 

Updated: Nov 18, 2017, 08:17 AM IST
ജയലളിതയുടെ വസതിയില്‍ ആദായനികുതി റെയ്ഡ്

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ അര്‍ദ്ധരാത്രി ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ നാടകീയ റെയ്ഡ്. ഇന്നലെ രാത്രി 9.30ഓടെ തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെ 2.30 വരെ നീണ്ടു. 

റെയ്ഡ് വാര്‍ത്തയറിഞ്ഞ് വേദനിലയത്തിന് മുന്നില്‍ അര്‍ദ്ധരാത്രി പ്രതിഷേധിച്ച നൂറോളം അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റെയ്ഡിന് പിന്നില്‍ കേന്ദ്രസര്‍ക്കാരും എടപ്പാടിയുമാണെന്നായിരുന്നു ടി.ടി.വി ദിനകരന്‍റെ പ്രതികരണം. ഇന്നലെ രാത്രി 9.30ഓടെ നാടകീയമായാണ് ആദായ നികുതിവകുപ്പുദ്യോഗസ്ഥര്‍ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലെത്തിയത്. രണ്ട് വാഹനങ്ങളിലായെത്തിയ പത്ത് ഉദ്യോഗസ്ഥര്‍ ആദ്യം പരിശോധിച്ചത് ജയലളിതയുടെ സഹായിയായിരുന്ന പൂങ്കുന്‍ട്രന്‍റെ മുറിയാണ്. പിന്നീട് ശശികലയുടെ മുറിയും ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ തുറന്ന് പരിശോധിച്ചു. ഇതേസമയം വിവരമറിഞ്ഞ് ശശികലയുടെ സഹോദരീപുത്രനും ജയ ടി.വി എം.ഡിയുമായ വിവേക് ജയരാമന്‍ പോയസ് ഗാര്‍ഡനിലെത്തി. ശശികലയുടെ അഭിഭാഷകരും പൂങ്കുന്‍ട്രനും പോയസ് ഗാര്‍ഡനിലെത്തിയെങ്കിലും വേദനിലയത്തിനകത്തേയ്‌ക്ക് പൊലീസ് അവരെ കയറ്റി വിടാന്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ വേദനിലയത്തിന്‍റെ ഉടമസ്ഥത ഇപ്പോഴും നിയമക്കുരുക്കിലാണെന്നും വീട് നോക്കി നടത്തുന്നത് ശശികലയാണെന്നും അതുകൊണ്ട് റെയ്ഡിന് സാക്ഷിയാകാന്‍ അവകാശമുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് വിവേകുള്‍പ്പടെയുള്ളവര്‍ അകത്തെത്തി ഉദ്യോഗസ്ഥരെ കണ്ടു. 

എന്നാല്‍ ജയലളിതയുടെ മുറിയില്‍ വിശദപരിശോധന നടത്താന്‍ അനുവദിയ്‌ക്കാനാകില്ലെന്ന നിലപാടിലായിരുന്നു ശശികല കുടുംബാംഗങ്ങള്‍. തുടര്‍ന്ന് ജയലളിതയ്‌ക്ക് വന്ന ചില കത്തുകളും രേഖകളും രണ്ട് പെന്‍ഡ്രൈവും ലാപ്ടോപ്പുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അതേസമയം പുറത്ത് മോദിയ്‌ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി റോഡില്‍ കിടന്ന് പ്രതിഷേധിച്ച അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നില്‍ പാര്‍ട്ടിയെ ചതിച്ച ഇ.പി.എസ്സും ഒ.പി.എസ്സുമാണെന്ന് ടി.ടി.വി ദിനകരന്‍ ട്വിറ്ററില്‍ ആരോപിച്ചു.  പുലര്‍ച്ചെ ഒരു മണിയോടെ ജയലളിതയുടെ സഹോദരന്‍റെ മകള്‍ ദീപ ജയകുമാറും പോയസ് ഗാര്‍ഡനിലെത്തി. ഏതാണ്ട് രണ്ടരപ്പതിറ്റാണ്ട് തമിഴ്നാട് രാഷ്‌ട്രീയത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന പോയസ് ഗാര്‍ഡനില്‍ 1996 ല്‍ ജയലളിതയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് ഒരു റെയ്ഡ് നടക്കുന്നത്.